കിലെയിലെ പിന്‍വാതില്‍ നിയമനം നേടിയവരെ ഒഴിവാക്കി പകരം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താനുള്ള ധനവകുപ്പിന്റെ നിര്‍ദേശം സര്‍കാര്‍ പാലിച്ചില്ലെന്ന ആരോപണമാണ് ഉയർന്നുവരുന്നത്. ഇവരുടെ നിയമനം സ്ഥിരപ്പെടുത്താന്‍ മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടതായുള്ള ആരോപണവും വരുന്നുണ്ട്.
നിയമനം റദ്ദാക്കിയ അന്വേഷണത്തിൽ ഉത്തരവിടണമെന്ന് എന്നുള്ള ആവശ്യവുമായാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരിക്കുന്നത്. വളഞ്ഞ വഴിയിലൂടെ ഇഷ്ടക്കാർക്ക് സർക്കാർ ജോലി നൽകിയ മന്ത്രി വി ശിവൻകുട്ടി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. പിൻവാതിൽ നിയമനം നേടിയ എല്ലാവരെയും അടിയന്തരമായി പിരിച്ചുവിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിക്ക് ഒരു നിമിഷം ആസ്ഥാനത്ത് തുടരാൻ അർഹതയില്ല എന്നും മാന്യത ഉണ്ടെങ്കിൽ മന്ത്രിസ്ഥാനം ഒഴിയണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
പബ്ലിസിറ്റി അസിസ്റ്റന്റ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, പ്യൂണ്‍ തസ്തികകളിലേക്കായി 10 പേരുടെ നിയമനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. നിയമനം ലഭിച്ചവരില്‍ ഭൂരിഭാഗവും മന്ത്രിയുമായി അടുത്തബന്ധമുള്ള പാര്‍ടി അനുഭാവികളാണെന്നാണ് ആരോപണം.
മൂന്നര കോടി ജനങ്ങൾക്ക് വേണ്ടിയല്ല, പാർട്ടിക്കാർക്കും സ്വന്തക്കാർക്കും വേണ്ടിയുള്ള ഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്നത്. എല്ലാ വകുപ്പുകളും സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനങ്ങൾ ആണ്.
പാർട്ടിക്കാരെ കൂട്ടത്തോടെ നിയമിച്ചതോടെ ശമ്പള ചിലവ് ഉയർന്നു. മുൻകൂർ അനുവാദം ഇല്ലാതെ കിലെയിൽ നിയമനങ്ങൾ പാടില്ല എന്ന് 2019 ഓഗസ്റ്റ് 21 ലെ മന്ത്രിസഭ തീരുമാനം പോലും മറികടന്നാണ് ശിവൻകുട്ടി പിൻവാതിൽ നിയമനങ്ങൾ നടത്തിയത്. മന്ത്രിസഭ തീരുമാനം ഒരു മന്ത്രി തന്നെ അട്ടിമറിച്ച സാഹചര്യത്തിൽ മറുപടി പറയാനുള്ള ബാധ്യതയും മുഖ്യമന്ത്രിക്കുമുണ്ട് എന്നാണ് വി ഡി സതീഷിന്റെ വാക്കുകൾ.

 
                                            