ദിലീപ് വീണ്ടും ജയിലിലേക്ക് പോകുമോ? ക്രൈംബ്രാഞ്ച് അപ്പീൽ ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ക്രൈം ബ്രാഞ്ച് അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിൻ്റെ ആക്ഷേപം.

കേസിലെ സുപ്രധാന സാക്ഷികളായ വിപിന്‍ ലാല്‍, ജിന്‍സണ്‍, സാഗര്‍ വിന്‍സന്‍റ്, ശരത് ബാബു, സുനീര്‍, ഡോ.ഹൈദരലി ,ദാസന്‍ എന്നീ സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. നേരത്തേ സംവിധായകൻ ബാലചന്ദ്രകുമാർ ഇത് സംബന്ധിച്ച് നിർണായകമായ ശബ്ദസന്ദേശങ്ങൾ പുറത്തുവിട്ടിരുന്നു. ഇത് പരിശോധിച്ച ശേഷമായിരുന്നു ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ആദ്യം വിചാരണ കോടതിയെ സമീപിച്ചത്.

എന്നാൽ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികത ഇല്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി
ക്രൈംബ്രാഞ്ചിന്റെ ആവശ്യം തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ വീണ്ടും ക്രൈംബ്രാഞ്ച് അപ്പീൽ നൽകിയത്.

തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തതെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം. ദിലീപിന്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദ സന്ദേശങ്ങൾ കോടതി പരിഗണിച്ചില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു. അതേസമയം ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധ നിലപാടാണ് കോടതിയിൽ സർക്കാരും സ്വീകരിച്ചിരിക്കുന്നത്. വിധി റദ്ദാക്കണമെന്നും ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

2017 ൽ ഓടുന്ന കാറിൽ വെച്ചായിരുന്നു നടി ആക്രമിക്കപ്പെട്ടത്. തൃശ്ശൂരിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. നടിയുടെ വാഹനം തടഞ്ഞ് നിർത്തി ഒരു സംഘം ആക്രമികൾ വാഹനത്തിൽ കയറി നടിയെ ആക്രമിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. നടൻ ദിലീപിന്റെ അറസ്റ്റ് കേസിൽ വഴിത്തിരിവായി.

തുടർന്ന 86 ദിവസത്തോളമാണ് കേസിൽ ദിലീപ് ജയിലിൽ കിടന്നത്. തുടർന്ന് ഹൈക്കോടതിയിൽ നിന്നും നടന് ജാമ്യം ലഭിച്ചു. കേസ് അട്ടിമറിക്കാനോ സാക്ഷികളെ സ്വാധീക്കാനോ ശ്രമിക്കരുതെന്ന കർശന വ്യവസ്ഥയോടെയായിരുന്നു ജാമ്യം. നിർദ്ദേശങ്ങൾ ലംഘിച്ചാൽ പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിക്കാമെന്നും അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

‌അതിനിടെ നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. കേസിൽ ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം. നിലവിൽ സംവിധായകൻ ബാലചന്ദ്രകുമാർ ഉൾപ്പെടെയുള്ളവരുടെ വിചാരണ പൂർത്തീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *