മന്ത്രി വീണ ജോർജ്ജിനെ പൂട്ടാനുള്ള പണി പാളിയോ?നിയമനക്കോഴയില്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്ന് ഹരിദാസന്‍

ആരോഗ്യ വകുപ്പിലെ നിയമന കോഴക്കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പിഎ അഖില്‍ മാത്യുവിന് സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച് ഒരു ലക്ഷം രൂപ നല്‍കിയിട്ടില്ലെന്ന് പരാതിക്കാരനായ ഹരിദാസന്‍ പറഞ്ഞു. ഹരിദാസന്റെ കുറ്റസമ്മതമൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. വ്യാജ ആരോപണത്തെ കുറിച്ച് പരസ്പര വിരുദ്ധ മറുപടിയാണ് ഹരിദാസന്‍ നല്‍കിയത്.

സി സി ടി വി ദൃശ്യങ്ങള്‍ കാണിച്ചുള്ള ചോദ്യം ചെയ്യലിലാണ് ഹരിദാസന്റെ കുറ്റസമ്മതം. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ട് എന്ന സംശയത്തിലാണ് പൊലീസ്. പണം കൈമാറ്റമോ ആള്‍മാറാട്ടമോ നടന്നിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അന്വേഷക സംഘം. കന്റോണ്‍മെന്റ് പൊലീസ് ഹരിദാസനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

എന്തുകൊണ്ടാണ് സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴച്ചത് എന്ന ചോദ്യത്തിന് അത് ബാസിത് പറഞ്ഞിട്ടാണ് എന്നാണ് ഹരിദാസന്‍ മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. നിയമനത്തിനായി വീണ ജോര്‍ജിന്റെ പിഎ അഖില്‍ മാത്യുവിന് സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച് ഒരു ലക്ഷം രൂപ നല്‍കി എന്നായിരുന്നു ഹരിദാസന്റെ പരാതി. സംഭവത്തില്‍ ഏറ്റവും വലിയ വിവാദമായി ഉയര്‍ന്നു വന്ന പേരായിരുന്നു മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ അഖില്‍ മാത്യുവിന്റേത്.

ഒരു ലക്ഷം രൂപ അഖില്‍ മാത്യുവിന് കൈമാറി എന്നായിരുന്നു നേരത്തേ പരാതിയായും മൊഴിയായും ഹരിദാസന്‍ പറഞ്ഞിരുന്നത്. ഇതിലാണ് ഇപ്പോള്‍ വലിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ 10 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫായ അഖില്‍ മാത്യുവിന് ഒരുലക്ഷം രൂപ നല്‍കിയെന്നായിരുന്നു ഹരിദാസന്റെ ആദ്യം പറഞ്ഞത്.

പിന്നീട് ആളെ ഓര്‍മയില്ലെന്നും കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടെന്നുമായിരുന്നു വാദം. ബാസിത്, റഹീസ്, ലെനിന്‍ രാജ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് നിയമനത്തട്ടിപ്പ് എന്ന് നേരത്തേ തന്നെ പിടിയിലായ അഖില്‍ സജീവ് പറഞ്ഞിരുന്നു. ഹരിദാസന്റെ പുതിയ മലക്കം മറിച്ചില്‍ ഇത് ശരിവെക്കുകയാണ്. ബാസിതിനോടും ചോദ്യം ചെയ്യലിനെത്തണമെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും ബാസിത് ഇതുവരെ ഹാജരായിട്ടില്ല.

കേസിലെ മൂന്നാം പ്രതിയായ റഹീസിന്റെ വാട്സാപ്പ് ചാറ്റുകള്‍ ഇന്ന് പുറത്തു വന്നിരുന്നു. ഇതില്‍ അഖിലിനെ നമുക്കെടുക്കണം എന്ന മെസേജും അഖില്‍ മാത്യുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലും പങ്ക് വെച്ചിട്ടുണ്ടായിരുന്നു. അഖില്‍ മാത്യുവിനെ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങള്‍ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. നേരത്തെ തന്നെ ഇതില്‍ വീണ ജോര്‍ജ് ഗൂഢാലോചന ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *