രണ്ട് വമ്പൻ ഹിറ്റുകൾക്ക് പിന്നാലെ ജീവന് ഭീഷണി വർധിച്ചു; ഷാരൂഖ് ഖാന് വൈ പ്ലസ് സുരക്ഷ

ബോളിവുഡ് താരം ഷാരൂഖ് ഖാന് സുരക്ഷ ശക്തമാക്കി മഹാരാഷ്ട്ര പൊലീസ്. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് താരത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. പഠാൻ, ജവാൻ എന്നിങ്ങനെ രണ്ട് വമ്പൻ ഹിറ്റുകളാണ് ഈ വർഷം ഷാരൂഖ് ബോളിവുഡിന് നൽകിയത്.

ഇതിനു പിന്നാലെ താരത്തിന്റെ ജീവന് ഭീഷണി വർധിച്ചുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ. സുരക്ഷയുടെ ഭാഗമായി ഷാരൂഖിനൊപ്പം മഹാരാഷ്ട്ര പൊലീസിന്റെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ടീമിലുള്ള ആറ് സായുധ പൊലീസ് കമാന്റോകൾ ഉണ്ടാകും.

രാജ്യത്തിനകത്ത് എല്ലാ സ്ഥലത്തും കമാന്റോകളുടെ സുരക്ഷാവലയത്തിലായിരിക്കും ഷാരൂഖിന്റെ യാത്ര. MP-5 യന്ത്രത്തോക്കുകൾ, AK-47 റൈഫിളുകൾ, ഗ്ലോക്ക് പിസ്റ്റളുകൾ എന്നിവയാണ് കമാന്റോകളുടെ ആയുധം.

മുംബൈയിലെ ഷാരൂഖിന്റെ വസതിയ്ക്കും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കുള്ള പണം നൽകുന്നത് ഷാരൂഖ് തന്നെയാണ്.

ഇന്ത്യയിൽ, സ്വകാര്യ സുരക്ഷയ്ക്ക് ആയുധങ്ങൾ അനുവദിനീയമല്ല, അതിനാലാണ് പോലീസ് സുരക്ഷ നൽകേണ്ടത്. വിഐപി സെക്യൂരിറ്റി വിഭാഗത്തിലെ സ്പെഷ്യൽ ഐജിപി ദിലീപ് സാവന്താണ് ഷാരൂഖ് ഖാന് സുരക്ഷാ ഭീഷണിയുള്ളതായി അറിയിച്ചത്.

ബോളിവുഡിൽ മാത്രം രണ്ട് വമ്പൻ ഹിറ്റുകളാണ് ഷാരൂഖ് ഈ വർഷം ഒരുക്കിയത്. ജവാൻ ഇന്ത്യയിൽ മാത്രം 618.83 കോടി രൂപയാണ് നേടിയത്. ആഗോളതലത്തിൽ പഠാൻ നേടിയതാകട്ടെ 1,103 കോടിയും. ഈ വർഷം തുടകത്തിൽ പുറത്തിറങ്ങിയ പഠാൻ ഇന്ത്യയിൽ 543.05 കോടിയും ആഗോളതലത്തിൽ 1,050.3 കോടി രൂപയും കളക്ഷൻ നേടി.

Leave a Reply

Your email address will not be published. Required fields are marked *