കേരളീയ പൈതൃകത്തെയും പൗരാണിക സംസ്കാരത്തെയും അനുസ്മരിപ്പിക്കുന്നതാണ് കൊച്ചു മലയാലപ്പുഴ ക്ഷേത്രോത്സവം. തിരുവനന്തപുരം നിറമൺകര ആഴാം കാലിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ കൊണ്ടാടുന്ന മൂന്ന് ദിവസത്തെ ഉത്സവം നാടിന്റെ ഐശ്വര്യത്തിന്റെ തന്നെ
ആഘോഷമാണ്.
വടക്കൻ കേരളത്തിന്റെയും തെക്കൻ കേരളത്തിന്റെയും തമിഴകത്തിന്റെയും ആചാരാനുഷ്ഠാനങ്ങൾ ഒത്തു ചേരുന്നതാണ് കൊച്ചു മലയാലപ്പുഴ ക്ഷേത്രത്തിലെ ഉത്സവം. ആയില്യപൂജ, ആയില്യ കളപൂജ, നാഗക്കളം, ഗണപതി പൂജ, അലങ്കാര ദീപാരാധന, തിടമ്പെടുപ്പ് ഘോഷയാത്ര എന്നീ ആചാരങ്ങൾക്ക് തുടക്കമിട്ടുകൊണ്ടാണ് ഉത്സവം കൊടിയേറുന്നത്. തുടർന്ന് വടക്കൻ കേരളം മുതൽ തെക്കൻ തമിഴ്നാട് വരെ പിന്തുടരുന്ന സുമംഗലി കുങ്കുമാഭിഷേകം, പൊങ്കാല മഹോത്സവം, മഞ്ഞ നീരാട്ട്, അഗ്നിനാരീപൂജ, വിഷ്ണുമായ പൂജ, കളപൂജ, തമ്പുരാൻ പടപ്പുപൂജ തുടങ്ങിയ പരിപാവനവും പവിത്രസാധ്യവുമായ അനുഷ്ഠാനങ്ങൾ മൂന്നുദിവസംകൊണ്ട് ക്ഷേത്രത്തിൽ അരങ്ങേറുന്നു. നാടിനെ മുഴുവൻ ഒന്നിപ്പിക്കുന്ന കൊച്ചു മലയാലപ്പുഴ ദേവി ക്ഷേത്രത്തിലെ ഉത്സവം അന്നദാനവും വസ്ത്ര ദാനവും കൊണ്ട് വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷവും കൂടിയാകുന്നു.
തെക്കൻ കേരളത്തിലെ അപൂർവമായ പല ആചാരങ്ങളും കൊച്ചു മലയാലപ്പുഴ ക്ഷേത്രത്തിൽ ആചരിക്കുന്നുണ്ട്. കേരളീയ ഹൈന്ദവ സംസ്കൃതിയുടെ ഒരു പരിച്ഛേദം തന്നെയാണ് ഇവിടുത്തെ ഉത്സവം. നാടിന്റെ അധിദേവതയായ കൊച്ചു മലയാലപ്പുഴ ദേവിയുടെ ഭക്തജനങ്ങൾക്ക് ഉത്സവത്തിന്റെ നാളുകൾ ഉണർവിന്റെയും ഉല്ലാസത്തിന്റെയും നാളുകൾ കൂടിയാണ്. നവംബർ 6 തിങ്കളാഴ്ച കൊടിയേറുന്ന ഉത്സവം 8 ആം തീയതി ബുധനാഴ്ച അവസാനിക്കും.

 
                                            