മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടൻ അലൻസിനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളതായി വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതിദേവി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങിയതിനു ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലൻസിയർ പ്രസംഗിച്ചത്. ഇത് അങ്ങേയറ്റം അപലപനീയമാണ്. ഇതിനുശേഷം അലൻസിയർ തനിക്ക് പറ്റിയ അബദ്ധം തിരുത്തും എന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും അദ്ദേഹം അതിനു മുതിരാതെ അഭിമുഖത്തിന് എത്തിയ മാധ്യമപ്രവർത്തകയോട് തികച്ചും മ്ലേച്ഛമായ ഭാഷയിൽ സംസാരിച്ചു. ഇതിനെതിരെ നൽകിയ പരാതിയിൽ തിരുവനന്തപുരം റൂറൽ എസ് പി കേസ് ചെയ്തിട്ടുണ്ടെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
അലൻസിയർന്റെ പരാമർശത്തിനെതിരെ മന്ത്രി ജയ ചിഞ്ചു റാണി രംഗത്തെത്തിയിരുന്നു. മനസ്സിലുള്ള സ്ത്രീവിരുദ്ധത സ്ഥലകാലബോധമില്ലാതെ പുറത്തുവന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സ്ത്രീയുടെ രൂപത്തിൽ വാർത്ത പ്രതിമ സ്ത്രീപക്ഷ കാഴ്ചപ്പാടാണ് മുന്നോട്ട് വയ്ക്കുന്നത്. അനുചിതമായ പ്രസ്താവന പിൻവലിച്ച് അദ്ദേഹം ഖേദം രേഖപ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
