ഓണപരിപാടിക്ക് നടി ലക്ഷ്മി പ്രിയ ചോദിച്ചത് 60,000മോ? നടിക്ക് മറുപടി നല്‍കി സന്ദീപ് വചസ്പതി

ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ട് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്ന് നടി ലക്ഷ്മി പ്രിയയുടെ ആരോപണം കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴി വച്ചിരുന്നു. സിനിമ താരമായ ലക്ഷ്മിപ്രിയ ബിഗ്ബോസിലൂടെയും പ്രശസ്തയാണ്. ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിന് പിന്നാലെ അവര്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വചസ്പതി.

ഫേസ്ബുക്ക് ലൈവിലൂടെയാണ് നടിയായ ലക്ഷ്മി പ്രിയയ്ക്ക് ബിജെപി നേതാവ് മറുപടി നല്‍കിയത്. തനിക്കെതിരെ ലക്ഷ്മി പ്രിയ നടത്തിയ ആരോപണത്തില്‍ പലരും ആശങ്കപ്പെട്ട് വിളിച്ചതുകൊണ്ടാണ് വിശദീകരണം നല്‍കുന്നത് എന്നാണ് സന്ദീപ് വചസ്പതി പറയുന്നത്. തന്‍റെ നാട്ടിലെ എന്‍എസ്എസ് കരയോഗം ഡയറക്ടറി പുറത്തിറക്കാന്‍ ഒരു സെലിബ്രിറ്റിയെ വേണം എന്ന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ ലക്ഷ്മി പ്രിയയെ ബന്ധപ്പെട്ടതെന്ന് സന്ദീപ് പറയുന്നു.

വിളിച്ചപ്പോള്‍ പരിപാടി ചെറുതാണ് ചെറിയ തുകയെ കിട്ടുവെന്നും അറിയിച്ചിരുന്നു. പിന്നീട് സംഘടകര്‍ക്ക് നമ്പര്‍ കൈമാറി. പിന്നീട് ഓണവുമായി ബന്ധപ്പെട്ട് രാവിലെ എത്തിയപ്പോഴുള്ള സംഭവമാണ് ഞാന്‍ അറിയുന്നത്. പിന്നീട് അവര്‍ വിളിച്ചപ്പോള്‍ അവിടെ നിന്നും തന്ന തുക കുറവായിരുന്നു. അത് വളരെ മോശമായി പോയി എന്നാണ് പറഞ്ഞത്.

അത് തിരക്കിയ ശേഷം തിരിച്ചുവിളിക്കാം എന്ന് പറഞ്ഞെങ്കിലും അവര്‍ ലഭിച്ച പണം തിരിച്ചു നല്‍കി അവിടുന്ന് തിരിച്ചുപോയി. പിന്നീട് അവരെ ഞാന്‍ വീണ്ടും വിളിച്ചു. സ്ഥലത്തില്ലാത്തതിനാല്‍ ഞാന്‍ അന്വേഷിച്ച് മറുപടി പറയാം എന്ന് പറഞ്ഞു. പിന്നീടാണ് വിളിച്ച് സംസാരിച്ച് പരിഹാരം കാണാം അക്കൌണ്ട് നമ്പര്‍ അടക്കം വാങ്ങിയത്. 10,000 രൂപായാണ് ലക്ഷ്മിക്ക് സംഘാടകര്‍ നല്‍കിയത്.

ഞാന്‍ പിന്നെ ഓണത്തിന്‍റെയും പുതുപ്പള്ളി തെരഞ്ഞെടുപ്പിന്‍റെയും തിരക്കിലായിരുന്നു. അത് ഒഴിഞ്ഞ് കഴിഞ്ഞ ഞായറാഴ്ച ഫ്രീയായ സമയത്താണ് ലക്ഷ്മിയുടെ ഭര്‍ത്താവിന്‍റെ ഫോണില്‍ നിന്നും കോള്‍ വരുന്നത്. ആദ്യം നല്ല രീതിയില്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ സുഹൃത്തിനോട് എന്ന പോലെ ‘സംഭവം നാണക്കേടായല്ലോ’ എന്ന് പറഞ്ഞു. അത് കേട്ടതോടെ അവര്‍ പ്രകോപിതയായി പൊട്ടിത്തെറിച്ചു. എന്നാല്‍ നാട്ടുകാര്‍ അറിയട്ടെ എന്ന് പറഞ്ഞ് ഫോണ്‍ വച്ചു. അതിന് ശേഷം ഫേസ്ബുക്ക് പോസ്റ്റാണ് കാണുന്നത്.

എന്നാല്‍ പിന്നീട് ഞാന്‍ അന്വേഷിച്ചപ്പോള്‍ സംഘാടകര്‍ പറഞ്ഞത് അര്‍ടിസ്റ്റ് ചാര്‍ജായി 50,000 രൂപയും 10,000 രൂപ വണ്ടിക്കൂലിയും അവര്‍ ചോദിച്ചുവെന്നാണ്. ഇത് നല്‍കാന്‍ കഴിയില്ലായിരുന്നു. എന്‍റെ നാട്ടില്‍ നൂറു കണക്കിന് വിശിഷ്ട വ്യക്തികള്‍ വിവിധ പരിപാടിക്ക് വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം ഒരു മോശം അനുഭവം ആദ്യമാണ്. ഈ സംഭവത്തില്‍ കമന്‍റ് ചെയ്യുന്നവര്‍ പലരും ബിജെപിയെയും ആര്‍എസ്എസിനെയും മറ്റും പറയുന്നു. ശരിക്കും അവര്‍ക്ക് എന്താണ് ഇതില്‍ കാര്യമെന്ന് മനസിലാകുന്നില്ല. ഇത് ബിജെപിയോ ആര്‍എസ്എസുമായി ബന്ധപ്പെട്ട കാര്യമല്ല. ഇത്രയുമാണ് ഇതില്‍ നടന്നത് ഇവിടെ സാമ്പത്തിക തട്ടിപ്പോ ഒന്നും ഉണ്ടായിട്ടില്ല. പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ഒരു വ്യക്തിയെ കണക്ട് ചെയ്ത് കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് സന്ദീപ് വചസ്പതി പറയുന്നു.

നേരത്തെ ബിജെ പിയുടെ പ്രചരണത്തിന് പോയിട്ടുണ്ട്, ആര്‍എസ്എസ് പരിപാടികൾക്ക് പോയിട്ടുണ്ട്. സ്വന്തം കയ്യിൽ നിന്നും ഡീസൽ അടിച്ച് തൊണ്ട പൊട്ടി പ്രസംഗിച്ചു പാർട്ടിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ട് എന്ന ആമുഖത്തോടെയാണ് ആഗസ്റ്റ് 27നുണ്ടായ ദുരനുഭവം എന്ന നിലയില്‍ ലക്ഷ്മി പ്രിയ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ബിജെപി നേതാവ് സന്ദീപ് വചസ്പതി കൂടി ഉള്‍പ്പെട്ട എന്‍എസ്എസ് കരയോഗ മന്ദിരത്തിൽ ഓണാഘോഷ പരിപാടിയിലാണ് അനുഭവം എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. പരിപാടിയുടെ നോട്ടീസ് അടക്കം പങ്കുവച്ചാണ് ലക്ഷ്മി പ്രിയയുടെ പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *