വിമാനത്താവളത്തിൽ നിന്നും കാണാതായ നായെ ദിവസങ്ങൾക്കുശേഷം കണ്ടെത്തി

വിമാനയാത്രയ്ക്കിടയിൽ നായയെ കാണാതായെന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടിയതായിരുന്നു. ഒരു മാസത്തോളം നീണ്ടുനിന്ന ആശങ്കകൾക്കൊടുവിൽ കാണാതായ നായയെ വിമാനത്താവളത്തിൽ സുരക്ഷിതനായി കണ്ടെത്തി.

ഡെൽറ്റ എയർലൈൻസ് യാത്രക്കാരിയായ പൗള കാമില റോഡ്രിഗസന്‍റെ ആറ് വയസ്സുള്ള ‘മയ’ എന്ന നായയെയാണ് ആഗസ്റ്റ് മാസത്തിൽ വിമാനത്താവളത്തിൽ വച്ച് കാണാതായത്. എന്നാൽ, നായയെ എവിടെ വച്ച്, എങ്ങനെയാണ് കാണാതായത് എന്നതുമായി ബന്ധപ്പെട്ട് യാതൊരു വിവരവും ഡെൽറ്റ എയർലൈൻസിന് ലഭിക്കാത്തതിനെ തുടര്‍ന്ന് വലിയ ആശങ്ക പടർന്നിരുന്നു.

വെള്ളവും ഭക്ഷണവും കിട്ടാതെ നായ ഇതിനകം തീര്‍ത്തും അവശനായിരുന്നു. നായയെ കണ്ടെത്തിയ ഉടൻ തന്നെ എയർപോർട്ട് ജീവനക്കാർ നായയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ആവശ്യമായ ശുശ്രൂഷകൾ നൽകുകയും ചെയ്തു. ഇപ്പോൾ നായ ആരോഗ്യം വീണ്ടെടുകയാണ്. എയർപോർട്ട് അധികൃതർ പറയുന്നതനുസരിച്ച്, നോർത്ത് കാർഗോ സെന്‍ററിന് സമീപം ഒളിച്ചിരുന്ന നായയെ എയർപോർട്ടിന്‍റെ ഓപ്പറേഷൻസ് ടീം കണ്ടെത്തുകയായിരുന്നു.

പൗള കാമില റോഡ്രിഗസും അവരുടെ നായയും കാലിഫോർണിയയിലേക്ക് രണ്ടാഴ്ചത്തെ അവധിക്ക് പോകുമ്പോഴാണ് നായയെ കാണാതായത്. അറ്റ്ലാന്‍റയിൽ എത്തിയപ്പോൾ, റോഡ്രിഗസിന്‍റെ വിസയിൽ ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതിനാൽ അവരോട് യാത്ര തുടരാൻ ആകില്ലെന്നും നാട്ടിലേക്ക് തിരിച്ചു പോകണമെന്നും അധികൃതർ അറിയിച്ചു. ഒപ്പം നായയെ ഡെൽറ്റ പാർസൽ സർവീസ് വഴി തിരികെ അയക്കാനും തീരുമാനമായി. ഇത് പ്രകാരം അവർ നായയെ ഡെൽറ്റ ഏജന്‍റിനെ ഏൽപ്പിച്ച് ഒറ്റയ്ക്ക് തിരികെ വീട്ടിലേക്ക് മടങ്ങി. എന്നാൽ, പൗള വീട്ടിലെത്തിയിട്ടും നായ മാത്രം വീട്ടിലെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നായയെ കാണാതായെന്ന വിവരം ഡെൽറ്റ പാർസൽ സർവീസും എയർപോർട്ട് അധികൃതരും പൗളയെ അറിയിച്ചത്. ഉടൻതന്നെ നായയെ ഉടമസ്ഥന് കൈമാറുമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *