കേരളം ഭരിക്കുന്നത് പിണറായി വിജയനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘമാണ് കേരളത്തിലെ ഭരണം ഇപ്പോൾ നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രി ഹൈജാക്ക് ചെയ്യുന്നു.അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. പൊതുഭരണ വകുപ്പിലെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റി പുതിയ സിപിഐഎം നേതാവ് ചുമതലയേറ്റെടുത്തു. ഗണേഷ്‌കുമാര്‍ പരാതി പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറഞ്ഞത്. എന്തൊരു അത്ഭുതമാണ്. ഇത്തരമൊരു നടപടി അറിഞ്ഞിട്ടില്ലെങ്കില്‍ അത്തരമൊരു സ്ഥാനത്തിരിക്കുന്നത് എന്തിനാണെന്നാണ് ചോദിക്കാനുള്ളത്.’ വി ഡി സതീശന്‍ പരിഹസിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കനത്ത പരാജയമുണ്ടായിട്ടും പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറാവാത്തത് വിചിത്രമാണ്. അഴിമതി ആരോപണങ്ങളിലും അദ്ദേഹം പ്രതികരിക്കുന്നില്ല. ഭീരുവിനെ പോലെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ് ചെയ്യുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പരാജയം സി.പി.എമ്മിന്റെ തകർച്ചയുടെ തുടക്കമാണ്. ഉത്തമരായ കമ്യൂണിസ്റ്റുകാർ കോൺഗ്രസിന് വോട്ട് ചെയ്തു. സർക്കാറിന് താക്കീത് ചെയ്യാനാണ് അവർ അങ്ങനെ ചെയ്തത്. ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാറിന്റെ വിലയിരുത്തലാവുമെന്ന് പറഞ്ഞ എം.വി ഗോവിന്ദൻ പിന്നീട് നിലപാട് മാറ്റി.
പിണറായിയുടെ കുഴലൂത്തുകാരനായാണ് എം.വി ഗോവിന്ദൻ പ്രവർത്തിക്കുന്നതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. പുതുപ്പള്ളിയിലുണ്ടായത് ടീം യു.ഡി.എഫിന്റെ വിജയമാണ്. ടീം വർക്കിന്റെ വിജയമാണ് അവിടെ കണ്ടത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും ഈ രീതി തന്നെയാവും യു.ഡി.എഫ് പിന്തുടരുകയെന്നും വി.ഡി സതീശൻ പറഞ്ഞു.
തൃക്കാക്കരയിലേത് പോലെ ടീം യുഡിഎഫ് ആണ് പുതുപ്പള്ളിയിലും മുന്നണിയെ വിജയിപ്പിച്ചത്. ആത്മാര്‍ത്ഥതയോടെ ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ഇതായിരിക്കും വിജയമന്ത്രം. പുതിയ സംസ്‌കാരത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഇന്ധനമാണ് ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി നല്‍കിയത്.
ഗ്രോ വാസുവിനെതിരായ പൊലീസ് നടപടിയേയും വി ഡി സതീശന്‍ വിമര്‍ശിച്ചു. ഗ്രോ വാസുവിന്റെ പ്രതിഷേധം മൂടിവയ്ക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നു. മുദ്രാവാക്യം വിളിയ്ക്കുന്നതിന് പൊലീസ് മുഖം പൊത്തിപിടിയ്ക്കുന്നു. ചെറിയ പ്രതിഷേധങ്ങളെ പോലും സര്‍ക്കാര്‍ ഭയപ്പെടുന്നു. തീവ്രവലതുപക്ഷ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും ഇത് കേരളത്തെ മുഴുവന്‍ നാണിപ്പിക്കുന്നതാണെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. പ്രത്യയശാസ്ത്രത്തോട് വിയോജിപ്പുണ്ടാകാം. എന്നാല്‍ മൃദുവായ ശബ്ദത്തെപോലും സര്‍ക്കാര്‍ ഭയപ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
