ഇന്ത്യ പേരുമാറ്റിയാൽ ഈ സ്മാരകങ്ങളുടെയും പേരു മാറുമോ?

ഇന്ത്യ എന്ന പേര് ഭാരത് എന്നാക്കി മാറ്റുമോ എന്നത് സംബന്ധിച്ചു കഴിഞ്ഞ രണ്ട് ദിവസങ്ങളായി വലിയ ചർച്ചകളാണ് നടക്കുന്നത്. ഇതിൽ അഭ്യൂഹങ്ങള്‍ നിലനിൽക്കുന്നു.അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ചൂടേറിയ ചർച്ചയും നടക്കുന്നുണ്ട്.
ഇന്ത്യയെന്ന പേര് ഭാരത് എന്നായി മാറുമോ എന്നു തീരുമാനമായില്ലെങ്കിലും ഇങ്ങനെ പേരുമാറ്റിയ രാജ്യങ്ങള്‍ നിരവധിയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ എന്താവും പിന്നീടുണ്ടാവുക?

ഇന്ത്യ എന്നു രേഖപ്പെടുത്തിയ ഇടങ്ങളെല്ലാം ഭാരത് എന്ന പേരിലേക്ക് മാറില്ലേ? രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളുമെല്ലാം പേരുമാറ്റത്തിന് അനുകൂലമായും പ്രതികൂലമായും നിലപാടുകളെടുത്തുകഴിഞ്ഞു. . ഇന്ത്യ എന്ന പേര് ചേര്‍ന്നു നില്‍ക്കുന്നതെല്ലാം ഭാരത് എന്നതിലേക്ക് മാറും. ഇതാ ഇന്ത്യ ഭാരത് ആകുമ്പോൾ പേര് മാറാൻ സാധ്യതയുള്ള ചരിത്രയിടങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ഗേറ്റ് വേ ഓഫ് ഇന്ത്യ

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ചരിത്രയിടങ്ങളിലൊന്നാണ് മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ. 1911 ബ്രിട്ടനിലെ ജോര്‍ജ്ജ് അഞ്ചാമൻ രാജാവും, മേരി രാജ്ഞിയുടെയും ഇന്ത്യ സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച ഈ ചരിത്രസ്മാരകം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് 1924 ല്‍ ആണ്. കടല്‍മാര്‍ഗം മുംബൈയില്‍ എത്തുന്നവര്‍ക്ക് മുന്നിലെത്തുന്ന ആദ്യ കാഴ്ച അന്ന് 21 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചത്. 85 അടി ഉയരമുള്ള ഈ കവാടം ഇന്തോ-സറാസെനിക് ശൈലിയില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യ ഭാരത് ആയാല്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ ഗേറ്റ് വേ ഓഫ് ഭാരത് ആകുമോ എന്ന് കാത്തിരുന്ന് കാണാം.

ഇന്ത്യാ ഗേറ്റ്

ഡല്‍ഹിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്മാരകങ്ങളില്‍ ഒന്നാണ് ഇന്ത്യാ ഗേറ്റ്. യുദ്ധസ്മാരകമായ ഇന്ത്യാ ഗേറ്റ് 1931 ലാണ് നിര്‍മ്മിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച ബ്രിട്ടീഷ് ഇന്ത്യൻ ആര്‍മിയിലെ സൈനികരുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച ഈ സ്മാരകം കര്‍ത്തവ്യ പഥിലാണ് സ്ഥിതി ചെയ്യുന്നത്. ഈ രണ്ടു യുദ്ധങ്ങളിലും ജീവൻ ബലികഴിച്ച സൈനികരുടെ പേര് ഇതിന്റെ ചുവരുകളില്‍ കൊത്തിവെച്ചിട്ടുണ്ട്. 1921 ല്‍ ആരംഭിച്ച നിര്‍മ്മാണം 1931 ല്‍ പൂര്‍ത്തിയായി. ഇതിന് 42 മീറ്റര്‍ ഉയരമുണ്ട്. ഭാരത് എന്ന പേരു വന്നാല്‍ ഇന്ത്യ ഗേറ്റ് ഭാരത് ഗേറ്റ് ആകുമോ?

നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ

ഇന്ത്യൻ സിനിമയുടെ ചരിത്രവും നാള്‍വഴികളും കുറിക്കുന്ന നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ മുംബൈയിലെ പെഡര്‍ റോഡിലുള്ള ഫിലിംസ് ഡിവിഷൻ കോംപ്ലക്സില്‍ ആണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ 100 വര്‍ഷങ്ങളായുള്ള സിനിമയുടെ ചരിത്രം പറയുന്ന, പ്രദര്‍ശിപ്പിച്ചിരുക്കുന്ന ഇടമാണിത്. 2019 ജനുവരി 19-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യൂസിയം ഉദ്ഘാടനം ചെയ്തത്. ഗാന്ധി ആൻഡ് സിനിമ, ചില്‍ഡ്രൻസ് ഫിലിം സ്റ്റുഡിയോ, റ്റെക്നോളജി ആൻഡ് ക്രിയേറ്റിവിറ്റി ഇൻ ഇന്ത്യൻ സിനിമ, സിനിമ എക്രോസ്സ് ഇന്ത്യ എന്നീ വിഷയങ്ങളിലായി നാല് പ്രദര്‍ശനഹാളുകള്‍ ഇവിടെയുണ്ട്.

ഇന്ത്യൻ മ്യൂസിയം , കൊല്‍ക്കത്ത

ലോകത്തിലെ തന്നെ ഏറ്റവും പഴയ മ്യൂസിയങ്ങളിലൊന്നായ കൊല്‍ക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിനും പേര് മാറ്റേണ്ടി വരുമോ എന്നത് കാത്തിരുന്ന് അറിയേണ്ട ഒന്നാണ്. സ്വാതന്ത്ര്യത്തിനു മുന്‍പ് ഇംപീരിയല്‍ മ്യൂസിയം എന്നറിയപ്പെട്ടിരുന്ന ഇത് ഇന്ത്യയിലെ ഏറ്റവും വലുതും പഴയതുമായ മ്യൂസിയവും ലോകത്തിലെ ഒൻപതാമത്തെ പഴയ മ്യൂസിയവുമാണ്. 1814 ല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് കൊല്‍ക്കത്തയാണ് ഇത് സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *