മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ; നേര് ചിത്രീകരണം തുടങ്ങി

ദൃശ്യം സിനിമയുടെ ഓര്‍മകളിലുള്ളതിനാല്‍ ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നുവെന്ന് കേട്ടാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമാകും. മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘നേര്’. ഒരു കോര്‍ട്ട് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള മോഹന്‍ലാല്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ പൂജാ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെ പങ്കുവെച്ചിട്ടുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും അഭ്യര്‍ഥിക്കുന്നുവെന്നും ഫോട്ടോയ്‌ക്കൊപ്പം മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നു. ‘നീതി തേടുന്നു’വെന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. ശാന്തി മായാദേവിയും ജീത്തുവും ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വിഷ്ണു ശ്യാമാണ് സംഗീത സംവിധാനം.

മോഹന്‍ലാലിന്റേതായി പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രം ‘വൃഷഭ’യും ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്നുണ്ട്. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. സഹ്‌റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ‘വൃഷഭ’ തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്.

മലൈക്കോട്ടൈ വാലിബന്‍’ എന്ന പുതിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ് ‘മലൈക്കോട്ടൈ വാലിബന്‍’. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്നുവെന്നത്. രാജസ്ഥാനിലായിരുന്നു മോഹന്‍ലാല്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം.

Leave a Reply

Your email address will not be published. Required fields are marked *