കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ വഴി സംസ്ഥാനത്ത് പ്രതിദിനം രണ്ടുലക്ഷം ഊണാണ് വില്‍ക്കുന്നത്. ഇത് കഴിച്ച് വിശപ്പടക്കിയിരുന്ന പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്ന തീരുമാനമായിരുന്നു ഓഗസ്റ്റ് ഒന്നു മുതല്‍ ജനകീയ ഹോട്ടലുകള്‍ വഴി നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ സബ്‌സിഡി സര്‍ക്കാര്‍ നിര്‍ത്തിയത്.അതത് കാലങ്ങളിലെ അവശ്യവസ്തുക്കളുടെ വില വര്‍ദ്ധനവ് പരിഗണിച്ച് ജനകീയ ഹോട്ടലുകളിലെ ഉച്ചഭക്ഷണത്തിന്റെ വില നിശ്ചയിക്കുക ഇനിമുതല്‍ ജില്ലാ ആസൂത്രണ സമിതിയാണ്. ജനകീയ ഹോട്ടലുകളില്‍ ഉച്ചയൂണിന് 20 രൂപയും പാഴ്‌സലിന് 25 രൂപയുമായിരുന്നു നിരക്ക്. ഒരു ഒരു ഊണിന് പത്തു രൂപയാണ് സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കിയിരുന്നത്. ഇപ്പോള്‍ ഉച്ചയൂണിന്റെ വില 30 രൂപ ആയിരിക്കുകയാണ്. ഉച്ചയൂണ് പാഴ്‌സലിന് 35 രൂപയും.
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്.2020-21-ലെ സംസ്ഥാന ബജറ്റിലാണ് കേരളത്തിലിനിയാരും പട്ടിണി കിടക്കില്ലെന്ന വാഗ്ദാനവുമായി കുടുംബശ്രീക്ക് കീഴില്‍ 1000 ജനകീയ ഹോട്ടലുകള്‍ പ്രഖ്യാപിച്ചത്.
എന്നാല്‍ സാമൂഹികജീവിതം കോവിഡിന് മുമ്പുള്ള നിലയിലായ സാഹചര്യത്തില്‍ സബ്‌സിഡി ഒഴിവാക്കുകയാണെന്ന കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ശുപാര്‍ശ പരിഗണിച്ചാണ് നടപടി.
30 രൂപയുടെ ഊണില്‍ ചോറ്, തോരന്‍, അച്ചാര്‍, നാടന്‍ വിഭവം ഉള്‍പ്പെടെ മൂന്ന് തൊടുകറികളും ഒരാഴ്ചകയും നിര്‍ബന്ധമായും ഉണ്ടാകണമെന്നാണ് നിര്‍ദ്ദേശം. അതേസമയം സ്‌പെഷ്യല്‍ വിഭവങ്ങളുടെ നിരക്ക് ഹോട്ടല്‍ ജീവനക്കാര്‍ക്ക് തീരുമാനിക്കാം.
സര്‍ക്കാര്‍ സബ്‌സിഡി പ്രതീക്ഷിച്ച് ജനകീയ ഹോട്ടല്‍ രംഗത്തേക്ക് ഇറങ്ങിയ കുടുംബശ്രീ വനിതകളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് സര്‍ക്കാര്‍ തീരുമാനം.ഭക്ഷ്യവസ്തുക്കളുടെയും പാചകവാതകത്തിന്റെയും വില കൂടിയതിനെത്തുടര്‍ന്ന് പൂട്ടലിന്റെ വക്കിലെത്തിയ ഹോട്ടലുകള്‍ക്ക് ഫലത്തില്‍ വില വര്‍ധനകൊണ്ട് ഗുണമൊന്നുമില്ല. വിലകൂടിയതോടെ ഹോട്ടലിലെത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായത് പ്രതിസന്ധി കൂട്ടുകയും ചെയ്യും. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളടക്കം 20 രൂപ ഊണിനെ ആശ്രയിച്ചിരുന്ന പലരും കഴിഞ്ഞ ദിവസങ്ങളില്‍ ഹോട്ടലുകളിലെത്തിയില്ല.
കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 1100 ജനകീയ ഹോട്ടലുകള്‍ക്കായി 30 കോടി രൂപയ്ക്ക് മുകളില്‍ സര്‍ക്കാര്‍ സബ്‌സിഡി കുടിശിക നല്‍കാനുണ്ട്.പലര്‍ക്കും കഴിഞ്ഞവര്‍ഷം നവംബര്‍ മുതലുള്ള സബ്‌സിഡി കുടിശികകയാണുള്ളത്. വിലവര്‍ദ്ധനവ് കൊണ്ട് പൊറുതിമുട്ടുന്ന ഹോട്ടലുകളില്‍ പലതും സബ്‌സിഡി കൂടി കിട്ടാതായതോടെ പ്രതിസന്ധിയില്‍ ആവുകയും ചിലത് പൂട്ട് പോവുകയും ചെയ്തിരുന്നു.
കെട്ടിടവാടക, വൈദ്യുതി, വെള്ളം ബില്ലുകള്‍ തുടര്‍ന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയാലും നഷ്ടത്തില്‍നിന്ന് കരകയറാന്‍ സാധ്യമല്ലെന്നാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നത്. സബ്‌സിഡിയില്ലാത്ത സാഹചര്യത്തില്‍ വില നിശ്ചയിക്കാനുള്ള അവകാശമെങ്കിലും തങ്ങള്‍ക്കു നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

 
                                            