ആഹ്ലാദരാവുകളുടെ മറുപേരാണ് ഇന്ന് ഡി.ജെ. യുവത്വം ആടിത്തിമിര്‍ക്കുന്ന ഇടങ്ങള്‍. എന്നാല്‍
ഡിജെ പാര്‍ട്ടികള്‍ ലഹരി പാര്‍ട്ടികള്‍ക്ക് വഴി മാറിയിരിക്കുന്നു. ഡിജെ പാര്‍ട്ടികളുടെ മറവില്‍ ഇന്ന് മയക്കുമരുന്നിന്റെയും രാസലഹരിയുടെയും ഉപയോഗവും കൈമാറ്റവും അനാശാസ്യ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചു വരികയാണ്.
സ്ത്രീ സുരക്ഷയും വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു.
മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും ഡിജെ ഹാളുകളില്‍ നടക്കുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുവരെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വിതരണക്കാരും മാത്രമാണ് നടപടി നേരിട്ടിരുന്നതെങ്കില്‍ ഇനി മുതല്‍ ഡിജെ സംഘാടകരും നടപടി നേരിടേണ്ടി വരുമെന്നാണ് പൊലീസ് അറിയിചിരിക്കുന്നത്.കടവന്ത്രയിലെ ബാറില്‍ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തിലെ ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണമാണ് പോലീസ് ഏര്‍പ്പെടുത്തിയത്. രാത്രി പത്ത് മണിക്ക് ശേഷം ബാറുകളില്‍ ഡിജെ പാര്‍ട്ടികള്‍ നടത്തരുതെന്ന് ബാര്‍ ഉടമകള്‍ക്ക് പൊലീസ് നിര്‍ദേശം നല്കി. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബാറുകളില്‍ പൊലീസ് നിരീക്ഷണവും ആരംഭിച്ചു.പാര്‍ട്ടികളിലേക്കെത്തുന്ന യുവാക്കളും യുവതികളും ലഹരി മാഫിയയുടെ വലയില്‍ വീഴുന്നുണ്ടെന്നും സിറ്റി പൊലീസ് നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് സ്ഥാപന ഉടമകള്‍ക്കെതിരായ കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നത്.
പൊലീസ് നിര്‍ദേശിച്ച സമയത്തിനപ്പുറം ബാറുകളില്‍ പാര്‍ട്ടികള്‍ നടത്തിയാല്‍ നടപടി സ്വീകരിക്കാനാണ് സിറ്റി പൊലീസിന്റെ തീരുമാനം. ബാറുകളില്‍ അടക്കം ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അഞ്ച് മിനിറ്റിനകം എത്തിച്ചേരാന്‍ കഴിയുന്ന തരത്തില്‍ നഗരത്തില്‍ പൊലീസ് വിന്യാസം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഉറപ്പിച്ചു.
ശനിയാഴ്ച രാത്രിയാണ് കടവന്ത്രയിലെ ഹോട്ടലില്‍ ഡി.ജെ. പാര്‍ട്ടിക്കിടെ ഹോട്ടല്‍ മാനേജര്‍ കോട്ടയം കിളിരൂര്‍ നെറിയന്തറ കിഴക്കേച്ചിറ റോണി കുര്യന് കുത്തേറ്റത്. കേസില്‍ ആലങ്ങാട് കോട്ടപ്പുറം കരിയാട്ടി വീട്ടില്‍ ലിജോയ് ജെ. സിജോ, ആലങ്ങാട് മാളികംപീടിക വടക്കേലന്‍ വീട്ടില്‍ നിതിന്‍ ബാബു എന്നിവരെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്ത് കൊച്ചിയിലാണ് ഏറ്റവും കൂടുതല്‍ ഡി.ജെ. പാര്‍ട്ടികള്‍ നടക്കുന്നത്. രണ്ടുവര്‍ഷത്തിലധികമായി ഡി.ജെ. പാര്‍ട്ടികളുമായി ബന്ധപ്പെട്ട് ലഹരി ഇടപാടുകളും പ്രശ്നങ്ങളും ഉടലെടുത്തിരുന്നു. ഡി.ജെ. പാര്‍ട്ടികള്‍ നടക്കവേ കസ്റ്റംസും സംസ്ഥാന എക്സൈസും റെയ്ഡ് നടത്തി മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവങ്ങളും ഉണ്ടായിരുന്നു. ഡി.ജെ. പാര്‍ട്ടി സംഘാടകര്‍ക്കും വേദിയായിരുന്ന ഹോട്ടലുകള്‍ക്കും ലഹരിപ്രശ്നം തലവേദന സൃഷ്ടിക്കുകയും ചെയ്തു.
2021 നവംബര്‍ മാസം ഒന്നാം തീയതി പുലര്‍ച്ചെ ഒരു ഡിജെ പാര്‍ട്ടിക്ക് പിന്നാലെ ഉണ്ടായ വാഹനാപകടത്തിലാണ് മോഡലുകളായ അന്‍സി കബീറും അഞ്ജന ഷാജനും കൊല്ലപ്പെട്ടത്.

 
                                            