മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ പൊലീസ് റെയ്ഡ്. പട്ടത്തുള്ള ചാനലിന്റെ ഓഫീസിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു.
29 കമ്പ്യൂട്ടറുകള്‍,ക്യാമറകള്‍, ലാപ്ടോപ് എന്നിവയാണ് കൊച്ചി പൊലീസ് പിടിച്ചെടുത്തത്.
രാത്രി 12 ണിയോടെയാണ് റെയ്ഡ്. മുഴുവന്‍ ജീവനക്കാരുടെയും ലാപ്ടോപ്പുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്ഥാപനത്തിലേക്ക് പ്രവേശിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയായിരുന്നു അര്‍ധ രാത്രിയിലെ നടപടി. സംസ്ഥാനത്ത് പലയിടത്തും മറുനാടന്‍ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്.
അതേസമയം ചാനല്‍ മേധാവി ഷാജന് സ്കറിയയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും കൊച്ചി പൊലീസ് വ്യക്തമാക്കി. പിവി ശ്രീനിജന് എംഎല്‍എക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി.
എസ്സി എസ്ടി പീഡന നിരോധന നിയമം അനുസരിച്ചാണ് സംഭവത്തില്‍ കേസെടുത്തത്. കേസില്‍ ഷാജന് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളി.
ഷാജന് സ്കറിയയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നിഷേധിച്ചതിന് പിന്നാലെ ഇയാള്‍ക്കെതിരെ കൊച്ചി സിറ്റി പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഷാജന് സ്കറിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാണ് സര്‍ക്കുലര്‍ ഇറക്കിയത്. എല്ലാ വിമാനത്താവളങ്ങളിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ പാലിച്ചല്ല ഷാജന് സ്കറിയയുടെ മാധ്യമപ്രവര്‍ത്തനമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.വാര്‍ത്തയുടെ കൃത്യതയും പൂര്‍ണതയും ഉറപ്പാക്കുന്ന അടിസ്ഥാനതത്വങ്ങള്ക്കുപകരം വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുക, നിന്ദിക്കുക, നശിപ്പിക്കുക, ഉന്മൂലനം ചെയ്യുക എന്ന രീതിയാണ് ഷാജന് അനുവര്‍ത്തിക്കുന്നതെന്നും വിലയിരുത്തി.
‘മറുനാടന്‍ മലയാളി’ ചാനലില്‍ 2023 മെയ് 24ന് സംപ്രേഷണം ചെയ്ത വീഡിയോയില്‍ ഉപയോഗിച്ച വാക്കുകള്‍ പരാതിക്കാരനെ അപമാനിക്കുകയും നാണംകെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടുകൂടിയുള്ളതാണ്. പരാതിക്കാരന്റെ ജാതി വ്യക്തമായി പറഞ്ഞിട്ടില്ലെന്ന കാരണത്താല്‍ പട്ടികജാതി അതിക്രമം നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന വാദം അംഗീകരിക്കാനാകില്ല. ജാതിപ്പേര് പരാമര്‍ശിച്ചാലേ നിയമത്തിന്റെ പരിധിയില്‍ വരൂ എന്നു പറയാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഒളിവിലുള്ള മറുനാടന്‍ മലയാളി’ എഡിറ്റര്‍ ഷാജന് സ്കറിയയെ കണ്ടെത്താനും തെളിവുശേഖരണത്തിനുമായി കൊല്ലത്തേയും കൊച്ചിയിലേയും ഓഫീസുകളില്‍ പ്രത്യേക അന്വേഷകസംഘം പരിശോധന നടത്തുകയായിരുന്നു.കൊല്ലത്ത് രണ്ട് റിപ്പോര്‍ട്ടര്‍മാരെയും ഓഫീസ് ജീവനക്കാരനെയും കണ്ണൂരില്‍ റിപ്പോര്‍ട്ടറെയും ചോദ്യംചെയ്തിരുന്നു.കരുനാഗപ്പള്ളി, മയ്യനാട് റിപ്പോര്‍ട്ടര്‍മാരായ പിയൂഷ്, ശ്യാം, മണ്‍റോതുരുത്തിലെ ഓഫീസ് ജീവനക്കാരന് ശോഭന്‍ എന്നിവരെയാണ് ചോദ്യംചെയ്തത്. ഓഫീസുകളിലെത്തിയ അന്വേഷക സംഘം ഫയലുകളും മറ്റു രേഖകളും പരിശോധിച്ചു. കൊട്ടിയത്തുള്ള ഓണ്‍ലൈന്‍ മാധ്യമ പ്രവര്ത്തകന് രാഗം രാധാകൃഷ്ണന്റെ മൊഴിയെടുത്തു.
