പിന്നിലൂടെയെത്തി ഷാള്‍ മുറുക്കിയ കൊലപതാക കഥ

വിചിത്രവും വൈവിധ്യവുമായ കുറ്റകൃത്യങ്ങള്‍ അരങ്ങുവാഴുന്ന കാലഘട്ടമാണിത്. ഒരിക്കലും പിടിക്കപ്പെടാതിരിക്കാന്‍ അതിബുദ്ധി കാണിച്ച ഒട്ടേറെ കുറ്റവാളികള്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. പക്ഷേ ഏതു കുറ്റകൃത്യത്തിലും അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്ന ഒരു പഴുതെങ്കിലും കുറ്റവാളി ബാക്കിവച്ചിട്ടുണ്ടാകും.
തൂമ്പൂർമുഴി വനത്തിൽ ആതിരയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഖിലിനെ പൊലീസ് കുടുക്കിയത് ഇത്തരം വിദഗ്ധമായ നീക്കങ്ങള്‍ക്കൊടുവിലാണ്.

അങ്കമാലിയിലെ സ്വകാര്യ മാർജിൻ ഫ്രീ മാർക്കറ്റിലെ ജീവനക്കാരായിരുന്നു അങ്കമാലി പാറക്കടവ് സ്വദേശി ആതിരയും ഇടുക്കി വെള്ളത്തൂവൽ സ്വദേശിയായ അഖിലും. ഇരുവരും വിവാഹിതരാണ്. എങ്കിലും ഇൻസ്റ്റഗ്രാമിലെ അഖിയേട്ടൻ‌ എന്ന പ്രൊഫൈലിലൂടെ റീൽസ് ഇട്ടിരുന്ന അഖിലും ആതിരയും തമ്മിൽ അടുത്തു. ഒമ്പതര പവൻ സ്വർണമാണ് ആതിരയുടെ പക്കൽനിന്ന് അഖിൽ സ്വന്തമാക്കിയത്. ഇതിനുശേഷം മറ്റൊരു പെൺകുട്ടിയുമായി അഖിൽ ബന്ധം ആരംഭിച്ചു. ഇതോടെ ആതിരയെ ഒഴിവാക്കാനായി ശ്രമം ആരംഭിച്ചു. എന്നാൽ ഇക്കാര്യം അറിഞ്ഞാൽ ഒമ്പതര പവൻ സ്വർണം തിരികെചോദിക്കുമെന്ന് അഖിൽ ഭയപ്പെട്ടു.

ഇതോടെയാണ് ആതിരയെ കൊലപ്പെടുത്താൻ അഖിൽ ആലോചിക്കുന്നത്. ഇതിനായി നീണ്ട ആസൂത്രണവും തയാറെടുപ്പുകളും നടത്തി. ഏപ്രിൽ 28ന് പദ്ധതിപ്രകാരം, ഫോണിൽ വീട്ടിൽവച്ചശേഷം ഒപ്പം വരാൻ ആതിരയോട് അഖിൽ ആവശ്യപ്പെട്ടു. കാലടിയിൽനിന്ന് അങ്കമാലിയിലേക്കാണ് മാർജിൻ ഫ്രീ മാർക്കറ്റിലേക്കുള്ള യാത്ര. ആതിരയുടെ ഭർത്താവാണ് ബൈക്കിൽ കാലടിയിൽ കൊണ്ടുവിടുന്നത്. അന്ന് അങ്കമാലിയിലേക്കുള്ള ബസിൽ കയറുന്നതിനു പകരം പെരുമ്പാവൂർ റോഡിൽ വല്ലത്തേയ്ക്കാണ് ആതിര പോകുന്നത്. അവിടെയാണ് മുൻനിശ്ചയപ്രകാരം അഖിൽ കാത്തുനിൽക്കുമെന്ന് പറ‍ഞ്ഞത്.

വല്ലം ജംക്‌ഷനിൽ ഇറങ്ങിയ ആതിര, അവിടെ നിർത്തിയിട്ടിരുന്ന അഖിലിന്റെ കാറിലേക്ക് കയറുന്നു. എന്നാൽ ആദ്യത്തെ പാളിച്ച ഉണ്ടാകുന്നത് അവിടെവച്ചാണ്. അതുവരെ അഖിലിന്റെ എല്ലാ ആസൂത്രണവും കൃത്യമായിരുന്നു. ഒരു മീൻകടയ്ക്കു സമീപമാണ് അഖിൽ കാർ നിർത്തിയിട്ടിരുന്നത്. ഒരുപക്ഷേ കുറച്ച് മുൻപോട്ട് മാറ്റിയിട്ടിരുന്നെങ്കിൽ ആതിര ഈ കാറിൽ കയറുന്നത് മീൻകടയിലെ സിസിടിവി ക്യാമറിയിൽ‌ പതിയില്ലായിരുന്നു. ഈ സിസിടിവി ദൃശ്യം കേസിൽ ഒരു നിർണായക തെളിവായി മാറി.

ഇതിനുശേഷം വീണ്ടും അഖിലിനുള്ളിലെ കുറ്റവാളി ഉണർന്നു പ്രവർത്തിച്ചു. കാറിൽ നേരെ ജോലി ചെയ്യുന്ന അങ്കമാലിയിലെ കടയിലേക്കാണ് അഖിൽ പോയത്. അവിടെ തന്റെ കൈവശമുള്ള ഫോൺ വയ്ക്കുന്നു. താൻ അന്ന് അവിടെ ജോലിയിലുണ്ടായിരുന്നെന്ന് തെളിയിക്കുന്നതിനായിരുന്നു ഈ നീക്കം. അതിനുശേഷം ഇവർ സ്ഥിരമായി പോകാറുള്ള അതിരപ്പള്ളിയിലെ തുമ്പൂർമുഴിയിലേക്ക് പോകുന്നു. ഇവിടെവച്ച് ആതിരയെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. വനമേഖലയിലൂടെയാണ് ഇവരുടെ യാത്ര. സ്ഥിരമായി പോകാറുള്ളതിനാൽ ആതിരയ്ക്ക് സംശയമുണ്ടായില്ല. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരുവരും തുമ്പൂർമുഴിയിൽ എത്തുന്നത്. റോഡരികിൽ തന്നെ കാർ പാർക്ക് ചെയ്തശേഷം വനത്തിനുള്ളിലേക്ക് പോകുന്നു.

ഒരു കിലോമീറ്ററോളം ഉള്ളിൽപോയി ഒരു വലിയ പാറയിടുക്കിൽ എത്തി. അവിടെയിരുന്ന് ഇവർ ഏറെ നേരം സംസാരിച്ചു. മൂന്നു മണിയോടു കൂടി ആതിരയെ കെട്ടിപ്പിടിക്കാൻ എന്ന രീതിയിൽ അഖിൽ അടുത്തേക്കു എത്തുന്നു. പുറകിലൂടെ വന്ന് കെട്ടിപ്പിടിച്ച്, ആതിരയുടെ ഷാൾ എടുത്തു കഴുത്തിൽ മുറുക്കി. നിലത്തുവീണ ആതിരയെ വീണ്ടു ചവിട്ടി അഖിൽ മരണം ഉറപ്പാക്കുന്നു. പാറയിടുക്കിന്റെ ഇടയിലേക്ക് മൃതദേഹം മറിച്ചിട്ടശേഷം അഖിൽ അവിടെനിന്നു രക്ഷപ്പെട്ടു. ആതിരയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നരപവന്റെ സ്വർണമാലയും ബാഗും ഉൾപ്പെടെ അഖിൽ കൈക്കലാക്കി. വന്യമൃഗങ്ങൾ മൃതദേഹം കൊണ്ടുപോയി തെളിവെല്ലാം നശിക്കുമെന്നാണ് അഖിൽ കരുതിയിരുന്നത്.

യാത്രയ്ക്കായി വാടകയ്ക്ക് എടുത്ത കാറിലാണ് അഖിൽ വന്നിരുന്നത്. കൊലപാതകശേഷം തിരിച്ചുപോകുമ്പോൾ ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിൽ കയറിയപ്പോഴാണ് നിർണായകമായ മറ്റൊരു സിസിടിവി ദൃശ്യം കൂടി ലഭിച്ചത്. ആദ്യം പമ്പിൽനിന്നു ലഭിച്ച ദൃശ്യങ്ങളിൽ ആതിര ഒപ്പമുണ്ടായിരുന്നെങ്കിലും തിരിച്ചുവരുമ്പോഴുള്ള ദൃശ്യങ്ങളിൽ ആതിരയുണ്ടായിരുന്നില്ല. ഇതോടെ ഈ സമയത്തിനിടയിൽ എന്തോ സംഭവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ ഉറപ്പിച്ചു. അഖിലാണു പ്രതിയെന്ന സംശയം പൊലീസിന് തുടക്കംമുതൽ ഉണ്ടായിരുന്നെങ്കിലും അതിലേക്കു ബന്ധപ്പെടുത്താനുള്ള തെളിവുകൾ പൂർണമായി ലഭിച്ചിരുന്നില്ല.

കാലടിയിൽനിന്ന് ആതിര സ്ഥിരമായി പോകുന്ന അങ്കമാലി റൂട്ടിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും ഇതിലൊന്നും ആതിരയെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് പൊരുമ്പാവൂർ റൂട്ടിൽ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വല്ലം ജംക്‌ഷനിൽ ബസിൽ വന്നിറങ്ങുന്ന ആതിരയെ കണ്ടെത്തിയത്. വല്ലത്തെ മീൻകടയുടമയാണ് സംശയം തോന്നി ദൃശ്യങ്ങൾ പൊലീസിനു കൈമാറിയത്. ഇതോടെ അഖിലിന്റെ കൂടെയാണ് ആതിര പോയതെന്ന് പൊലീസ് ഉറപ്പിച്ചു. എന്നാൽ പലതവണ ചോദ്യംചെയ്തിട്ടും അഖിൽ ഇതു സമ്മതിച്ചില്ല. തന്റെ ഒപ്പം കടയിലേക്കു വന്നു എന്നു മാത്രമാണ് അഖിൽ പറഞ്ഞത്. കൊലപാതകശേഷം വീട്ടിലെത്തി കഴിഞ്ഞും അഖിൽ ഇൻസ്റ്റഗ്രാമിൽ റീൽസ് അപ്‌ലോഡ് ചെയ്തിരുന്നു. എല്ലാ പഴുതുകളും അടയ്ക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.

യാത്രയ്ക്കിടയിൽ അതിരപ്പള്ളിയ്ക്കു താഴെയുള്ള പുഴയിലും അഖിലും ആതിരയും എത്തിയിരുന്നു. ഇവിടെയുള്ള ഒരു കടക്കാരൻ ഇതു ശ്രദ്ധിച്ചിരുന്നു. ഇരുവരും പുഴയിലേക്കു പോകുകയും തിരിച്ചുകയറി വരുകയും ചെയ്തു. പുഴയിലെ വെള്ളത്തിൽ മുക്കിക്കൊല്ലാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെന്നാണ് അഖിൽ പിന്നീട് ചോദ്യം ചെയ്യലിൽ പറഞ്ഞത്. ആളുകൾ വന്നതോടെയാണു കാടിനുള്ളിലേക്ക‌ു പോകാൻ തീരുമാനിച്ചത്. ഇത്തരത്തിൽ എല്ലാ രീതിയിലും പൊലീസ് തെളിവ് നിരത്തിയതോടെ അഖിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *