താൻ രാജിവയ്ക്കില്ല: ബ്രിജ്ഭൂഷൻ ശരൺ സിങ്ങിന് പൂമാലയിട്ട് സ്വീകരണം

ന്യൂഡൽഹി∙ ലൈംഗികാതിക്രമ പരാതിയിൽ ആരോപണ വിധേയനയായ ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിന് ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ അനുയായികളുടെ പൂമാലയിട്ട് സ്വീകരണം. രാജി വയ്ക്കുന്നത് വലിയ കാര്യമല്ലെങ്കിലും ഇപ്പോൾ രാജിവച്ചാൽ അവരുടെ ആരോപണം സമ്മതിക്കുന്നതിന് തുല്യമായി മാറുമെന്ന് ബ്രിജ്ഭൂഷൻ ശരൺ സിങ് പറഞ്ഞു. അതിനാൽ രാജിവയ്ക്കില്ല. തന്‍റെ കാലാവധി തീരാറായി. സർക്കാർ മൂന്നംഗ കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്. 45 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കും. തന്‍റെ കാലാവധി തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അവസാനിക്കും.

താൻ നിരപരാധിയാണ്. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. അന്വേഷണ ഏജൻസികളിൽ പൂർണ്ണ വിശ്വാസമുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവിനെ ബഹുമാനിക്കുന്നു. കേസെടുത്ത് അന്വേഷിക്കാനുള്ള ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. ഇതുവരെ എഫ്ഐആറിന്‍റെ പകർപ്പ് കിട്ടിയിട്ടില്ല. ജന്തർ മന്ദറിൽ സമരം നടത്തുന്നതിന് മുൻപ് ഗുസ്തി താരങ്ങൾ വിഷയത്തിൽ കമ്മിറ്റി റിപ്പോർട്ടിന് കാത്തിരിക്കണമായിരുന്നുവെന്നും ബ്രിജ്ഭൂഷൻ കൂട്ടിച്ചേർത്തു.

ഗോണ്ടിയിലെ ബ്രിജ്ഭൂഷന്‍റെ വസതിയിൽ പിന്തുണമായി ബിജെപി എംഎൽഎമാരുടെ സംഘം എത്തി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസിന്‍റെ ഗൂഢാലോചനയാണിതെന്നും ബിജെപി എംഎൽഎമാർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *