തിരുവനന്തപുരം: കേരള സര്‍വ്വകലാശാല പഠന വകുപ്പുകളില്‍ യു.ജി.സി. മാനദണ്ഡപ്രകാരമുള്ള ക്ലാസുകള്‍ നടക്കുന്നില്ലെന്ന് പരാതി; നടപടി ആവശ്യപ്പെട്ട് സേവ് എഡ്യൂക്കേഷന്‍ ഫോറം ചാന്‍സലറായ ഗവര്‍ണര്‍ക്ക് നിവേദനം നല്കി
യു.ജി.സി. മാനദണ്ഡം 2018 പ്രകാരം ഒരു സെമസ്റ്ററില്‍ പോസ്റ്റ്-ഗ്രാജ്വേറ്റ് പ്രോഗ്രാമിന് (എം.എ./ എം.എസ് സി./ എം കോം) 90 ദിവസം അധ്യായനം നടക്കണം. എന്നാല്‍ നിലവിലുള്ള ഡിപ്പാര്‍ട്മെന്റ് യൂണിയന് ഇത്രയും ദിവസം അധ്യായനം നടത്തുന്നതിന് അനുവദിക്കാറില്ല. ആര്‍ട്സ് ഫെസ്റ്റ് എന്ന പേരില്‍ ഒരാഴ്ചയാണ് (14-18 വരെ) യൂണിയന് സ്വയം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വര്‍ഷാവര്‍ഷം നടക്കുന്ന ഇലക്ഷന് നിരവധി ദിവസങ്ങളാണ് നഷ്ടപ്പെടുത്തുന്നത്.
യൂണിവേഴ്സിറ്റി കലോത്സവം, ഓണം, ക്രിസ്തുമസ്, ദീപാവലി, ഹോളി തുടങ്ങിയ സംസ്ഥാനത്തിനകത്ത് പ്രധാനപ്പെട്ടതും അല്ലാത്തതുമായ മുഴുവന്‍ ആഘോഷങ്ങള്‍ക്ക് വേണ്ടിയും ദിവസങ്ങളോളം ക്ലാസുകള്‍ മുടക്കാറുണ്ട്. ഇതിനെല്ലാം അപ്പുറം യൂണിയന്റെയും സിന്‍ഡിക്കേറ്റിന്റെയും നേതൃത്വത്തില്‍ നടക്കുന്ന നിരവധി പാര്‍ട്ടി പരിപാടികള്‍ വേറെയും. കേരള സര്‍വ്വകലാശാലയുടെ പഠന വകുപ്പുകളില്‍ നടന്നുവരുന്ന ഗവേഷണോന്മുഖ പി.ജി. കോഴ്സുകള്‍ക്ക്, ഔട്ട്കം ബേസ്ഡ് അടിസ്ഥാനമാക്കിയുള്ള സിലബസ് ആണ് തയ്യാറാക്കിയിട്ടുള്ളത്.
കൃത്യമായ ദിവസങ്ങളില്‍ അധ്യായനം നടന്നാല്‍ മാത്രമേ ഇത്തരം സിലബസ് കൊണ്ടുള്ള പൂര്‍ണ പ്രയോജനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുകയുള്ളു. ഈ വിഷയം ചൂണ്ടിക്കാണിച്ച് കൊണ്ട് ക്ലാസ്സുകള്‍ക്ക് തടസമുണ്ടാകാത്ത രീതിയില്‍ യൂണിയന്റെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ട നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സേവ് എഡ്യൂക്കേഷന്‍ ഫോറം ചാന്‍സലറായ ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കും നിവേദനം നല്കി.

 
                                            