ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ വിശദീകരണം നൽകി കിഫ്ബി ഉദ്യോഗസ്ഥർ. കിഫ്ബിയുമായുള്ള തർക്കത്തെ തുടർന്നായിരുന്നു ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തിയത്. ടിഡിഎസ് അടക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആദായ നികുതി വകുപ്പിന്റെ നടപടിക്ക് കാരണം. ടിഡിഎസ് അടയ്ക്കേണ്ടത് കിഫ്ബി അല്ലെന്നും പദ്ധതി നടത്തിപ്പ് ഏജൻസികളാണെന്നുമാണ് വിശദീകരണം.
ഇന്നലെ പത്ത് മണിക്കൂറോളമാണ് കിഫ്ബി ആസ്ഥാനത്ത് പരിശോധന നടന്നത്. ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ അടക്കം പരിശോധനയ്ക്കായി സ്ഥലത്തെത്തിയിരുന്നു. ഇന്നലെ ഉച്ചയോട് കൂടിയാണ് പരിശോധന ആരംഭിച്ചത്. ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ അസ്വാഭാവികതയില്ലെന്നാണ് കിഫ്ബി അധികൃതർ പറഞ്ഞത്. ആദായ നികുതി വകുപ്പ് തൃപ്തരാണെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചന്ദ്രബാബു പറഞ്ഞിരുന്നു.
