വോള്‍വോ ഇലക്ട്രിക് ലക്ഷ്വറി എസ്യുവി -എക്‌സ് സി 40 റിച്ചാര്‍ജ് കേരളത്തില്‍ വിതരണം ആരംഭിച്ചു

കൊച്ചി: പ്രമുഖ ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോയുടെ ഫുള്‍ ഇലക്ട്രിക്കല്‍ എസ്‌യുവി എക്‌സ് സി റിചാര്‍ജിന്റെ വിതരണം ആരംഭിച്ചു. കേരളത്തിലെ ആദ്യ വില്‍പന ഇന്‍ഡല്‍ ഗ്രൂപ്പിന് കീഴിലുള്ള കൊച്ചിയിലെ കേരള വോള്‍വോ ഷോറൂമില്‍ വെച്ച് ഡോ. അഭിലാഷ് ഏറ്റുവാങ്ങി. പൂര്‍ണമായി ഇന്ത്യയില്‍ സംയോജിപ്പിച്ച ആദ്യ ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവിയാണ് വോള്‍വോ എക്‌സ് സി 40 റീച്ചാര്‍ജ്. ബാംഗ്ലൂരിലാണ് കാറുകള്‍ സംയോജിപ്പിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി അസംബിള്‍ ചെയ്ത ഫുള്‍ ഇലക്ട്രിക് എക്‌സ് സി 40 റീചാര്‍ജ് ആഡംബര എസ്യുവി വിതരണം ചെയ്യുന്നത് വോള്‍വോയുടെ ഒരു നാഴികക്കല്ലാണെന്നും, 2030-ഓടെ ഓള്‍-ഇലക്ട്രിക് കാര്‍ കമ്പനിയായി മാറുന്നതിനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും വോള്‍വോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു. ബുക്കിംഗ് ആരംഭിച്ച് 2 മണിക്കൂറിനുള്ളില്‍ 150 കാറുകള്‍ ഓണ്‍ലൈനില്‍ വിറ്റഴിച്ചതോടെ എക്‌സ്‌സി 40 റീചാര്‍ജിനുള്ള പ്രതികരണം പ്രോത്സാഹജനകമാണെന്നും ഇതിനകം 500 ഓളം മുന്‍കൂര്‍ ഓര്‍ഡറുകള്‍ ലഭിച്ചെന്നും കമ്പനി അറിയിച്ചു. ഈ വര്‍ഷാവസാനത്തോടെ നൂറിലധികം വാഹനങ്ങള്‍ ഡെലിവറി ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും ജ്യോതി മല്‍ഹോത്ര അറിയിച്ചു.

വോള്‍വോയുടെ ആദ്യ ഇലക്ട്രിക് എസ്യുവിക്ക് ഇന്ത്യയിലെ ആഡംബര കാര്‍ വാങ്ങുന്നവരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ എക്‌സ് സി 40 റീചാര്‍ജിന് കഴിയും. ഈ ഫീച്ചര്‍ ഉപഭോക്തൃ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ഇലക്ട്രിക് വെഹിക്കിള്‍ ശ്രേണിയെക്കുറിച്ചുള്ള പൊതുവായ തെറ്റിദ്ധാരണകള്‍ പരിഹരിക്കുകയും ചെയ്തുവെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. എല്ലാ എക്‌സ് സി 40 റീചാര്‍ജ് ഉടമകള്‍ക്കും എക്‌സ്‌ക്ലൂസീവ് ട്രി ക്രോണോര്‍ പ്രോഗ്രാമിന്റെ അംഗത്വവും ലഭിക്കും. ഈ വര്‍ഷം ജൂലൈ 26നാണ് എക്‌സ് സി 40 റീചാര്‍ജ് 55.90 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *