വീകം ‘റിവ്യൂ

വീകം എന്ന അധികം ഉപയോഗിക്കാത്ത വാക്കിന് മോതിരം എന്നാണ് അർത്ഥം അങ്ങനെ ഒരു മോതിരത്തെ ആസ്പദമാക്കി നടക്കുന്ന കുറ്റന്വേഷണ കഥയാണ് നവാഗതനായ സാഗർ സംവിധാനം ചെയ്ത വീകം . പേരുപോലെതന്നെ സിനിമയുടെ കഥ നടക്കുന്നത് ഒരു വിവാഹമോചനത്തെ ചുറ്റിപ്പറ്റിയാണ് ആ പേരിനെ അനശ്വരമാക്കാൻ വേണ്ടി സിനിമയിൽ മോതിരം അടങ്ങുന്ന രംഗങ്ങൾ കൂടുതൽ ഉപയോഗിച്ചോ എന്ന് തോന്നിപ്പോകുന്നു. കൊച്ചി നഗരത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ പ്രധാനമായും മുന്നോട്ടു നീങ്ങുന്നത്. മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന കുറച്ചുപേരുടെ ജീവിതവും അവർ തമ്മിൽ യാദൃശ്ചികമായി കൂട്ടിമുട്ടുന്ന സാഹചര്യങ്ങളും ഒക്കെയാണ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അവിടെയും ആവർത്തനവിരസതകളുടെ വലിയൊരു നിര തന്നെ അക്കമിട്ട് നിരത്താനുണ്ട്.ആവർത്തനവിരസതകൾ പ്രേക്ഷകരെ മടുപ്പിക്കുമോ ഇല്ലയോ എന്നതിൽ തർക്കം ഉണ്ടാകാമെങ്കിലും ആരുടെയും യുക്തിയോടൊ വൈകാരികതയോടൊ
കണക്ട് ആവാത്ത സ്ഥിരം കാഴ്ച ശീലങ്ങൾ പ്രേക്ഷകരെ ചിലപ്പോൾ മടുപ്പിച്ചേക്കാം എന്ന് ഉറപ്പ് . ധ്യാൻ ശ്രീനിവാസൻ,ജഗദീഷ്, ഡൈൻ ഡേവിഡ്, ദിനേശ് പ്രഭാകർ, അജുവർഗീസ്,ബിനു അടിമാലി,ഡയാന ഹമീദ്, തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയുടെ നിർമ്മാതാവ് കൂടിയായ ഷീലു എബ്രഹാം ആണ് വീകത്തിൽ ആദ്യം മുതൽ അവസാനം വരെ നിറഞ്ഞുനിൽക്കുന്നത്.
വിശ്വാസവഞ്ചനയാണ് സിനിമയുടെ പ്രധാന പ്രമേയം. പലനിലയ്ക്ക് വിശ്വാസവഞ്ചന ചെയ്യുന്നവരും അതിന് ഇരയായവരും തമ്മിലുള്ള സംഘർഷങ്ങളിലൂടെ ഈ ചിത്രം യാത്ര ചെയ്യുന്നു.വളരെ അടുത്ത ബന്ധങ്ങളിൽ വിശ്വാസവഞ്ചന നേരിട്ട് അവർ എങ്ങനെ അതിനോട് പ്രതികരിക്കുമെന്ന് സിനിമ പലനിലക്ക് അന്വേഷിക്കുന്നുണ്ട്. വിശ്വാസവഞ്ചന മനുഷ്യന്റെ സമനില ചിലപ്പോൾ തെറ്റിച്ചേക്കാം.ക്രൂരനും കൊലപാതകയും ആക്കാം എന്നത് വരെ സിനിമയുടെ യോജിക്കുന്നുണ്ട്.പക്ഷേ വിശ്വാസവഞ്ചന നേരിട്ടവർ കാണുന്നവരിൽ വിശ്വാസവഞ്ചനകർ എന്ന് തോന്നുന്നവരെ മുഴുവൻ കൊല്ലും എന്നൊക്കെയുള്ള അതി വിചിത്ര രീതിയിൽ ഈ കഥയെത്തുകയാണ്. അവിടെ സിനിമ കലഹിക്കുന്നത് പ്രേക്ഷകരുടെ യുക്തിയോടും ബോധത്തോടും ആണ്.
സൈക്കോ പാർട്ട് കൊലപാതകങ്ങൾക്കും കൊലപാതകികൾക്കും എഴുതപ്പെടാത്ത ഒരു മാനിഫെസ്റ്റോ മലയാള സിനിമയ്ക്ക് ഉണ്ട് എന്ന് തോന്നുന്നു.അവരുടെ സംഭാഷണങ്ങൾക്ക്,ചലനങ്ങൾക്ക്,,
ശരീരഭാഷയ്ക്ക്,എന്ന് വേണ്ട ഭൂതകാല ദുരന്തങ്ങൾക്ക് പോലും ഏതാണ്ട് ഒരേ രീതിയാണ്. ത്രില്ലർ സിനിമകളുടെ സേഫ് സോൺ എന്ന് പറയുന്നത് വില്ലന്മാരാണ്. അവരെ സംബന്ധിച്ചിടത്തോളം യുക്തി പ്രവർത്തിക്കാറില്ല. വീകവും ഈ രീതിയെ അതുപോലെ പിന്തുണയ്ക്കുന്നു.
എടുത്തു പറയാനുള്ള അഭിനയമോ സംഗീതമോ ക്യാമറയോ എഡിറ്റിംഗ് ഒന്നും ഈ ചിത്രത്തിൽ എവിടെയും ഇല്ല. ആത്മാവില്ലാത്ത ഒരു കുറ്റാന്വേഷണ കഥ കാണാൻ തയ്യാറാണെങ്കിൽ ഈ ചിത്രം സ്വന്തം റിസ്കിൽ കാണാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *