പ്രവീണ്‍ വധക്കേസ് മുൻ ഡിവൈഎസ്പി ആർ ഷാജിയുടെ ഹർജിയിൽ സംസ്ഥാനത്തിന് അടിയന്തര നോട്ടീസ് അയച്ച് സുപ്രിം കോടതി. ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാൻ ഷു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സർക്കാറിന് അടിയന്തര നോട്ടീസ് അയച്ചത്. കേസിൽ രണ്ടാഴ്ച്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പതിനേഴ് വർഷമായി താൻ ജയിലാണെന്നും ജയിൽ മോചനം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഷാജി സുപ്രിം കോടതിയെ സമീപിച്ചത്. ജയിലിലെ നല്ല നടപ്പും പെരുമാറ്റവും കണക്കിലെടുത്ത് കഴിഞ്ഞ തവണ ജയിൽ മോചനത്തിനായുള്ള ശുപാർശ പട്ടികയിൽ ഷാജിയും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഷാജി പുറത്തിറങ്ങിയാൽ തനിക്കും ഷാജിയുടെ രണ്ടാം ഭാര്യയായ തന്റെ അമ്മയ്ക്കും സുരക്ഷാ പ്രശ്നമുണ്ടെന്ന് ചൂണ്ടികാട്ടി രണ്ടാം ഭാര്യയിലെ മകൻ സർക്കാറിന് പരാതി നൽകി. ഇതേ തുടർന്ന് വിട്ടയക്കൽ പട്ടികയിൽ നിന്നും സർക്കാർ ഷാജിയുടെ പേര് നീക്കം ചെയ്യുകയായിരുന്നു. കേസിൽ ആകെ നാല് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ശിക്ഷ അനുഭവിക്കവെ 2021 മെയ് 21 ന് പ്രിയൻ കൊവിഡ് ബാധിച്ച് ജയിലിൽ വച്ച് മരിച്ചിരുന്നു. അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ, കവിത എന്നിവരാണ് ആർ ഷാജിക്ക് വേണ്ടി സുപ്രിം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
