ചെന്നൈ കോടമ്പാക്കം സ്വദേശിയായ ഓട്ടോ ഡ്രൈവർ രാജ്കുമാറിന്റെ ഫോണിലേക്ക് സെപ്റ്റംബർ 9ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഒരു സന്ദേശം എത്തി. തമിഴ്നാട് മെർകന്റൈൽ ബാങ്ക് തന്റെ അക്കൗണ്ടിലേക്ക് 9,000 കോടി രൂപ നിക്ഷേപിച്ചു എന്നായിരുന്നു മെസ്സേജിന്റെ ഉള്ളടക്കം. ആരോ തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്ന് കരുതി മെസ്സേജ് അവഗണിച്ച രാജകുമാർ വെറുതെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് 21,000 രൂപ അയച്ചു കൊടുത്തു. സുഹൃത്തിന് ഈ പണം കിട്ടിയപ്പോഴാണ് അക്കൗണ്ടിൽ വന്നിരിക്കുന്നത് യഥാർത്ഥ പണം തന്നെയാണെന്ന് രാജകുമാർ തിരിച്ചറിയുന്നത്.
സംഭവത്തിനുശേഷം മണിക്കൂറുകൾക്കുള്ളിൽ തന്നെ രാജകുമാറിന്റെ ഫോണിലേക്ക് ബാങ്കിൽ നിന്നും വിളിയെത്തി. അബദ്ധത്തിൽ പണം നിക്ഷേപിച്ചു പോയതാണെന്നും അറിയിച്ചു. ബാങ്ക് രാജകുമാറിന്റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുകയും ചെയ്തു. തുടർന്ന് ബാങ്കിന്റെയും രാജകുമാറിന്റെയും അഭിഭാഷകർ ചെന്നൈ ത്യാഗരാജ നഗറിലുള്ള മെർകന്റൈൽ ബാങ്കിന്റെ ഓഫീസിലെത്തി ഒത്തുതീർപ്പിൽ എത്തി പിൻവലിച്ച ഇരുപത്തിയൊന്നായിരം രൂപ തിരികെ നൽകേണ്ട എന്നും വാഹന വായ്പ നൽകാമെന്നും ബാങ്ക് ഉറപ്പു നൽകിയതായി രാജ്കുമാർ പറഞ്ഞു.

 
                                            