മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നമ്മുടെ ലാലേട്ടന് ഇന്ന് അറുപത്തിനാലാം പിറന്നാൾ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും മടക്കി കുത്തിയ മുണ്ടും മുകളിലോട്ട് പിരിച്ച കട്ടി മീശയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. നൃത്തവും ഹാസ്യവും ആക്ഷനുമെല്ലാം അനായാസേന കൈകാര്യം ചെയ്യുന്ന അഭിനയ വഴക്കം മോഹൻലാലിന്റെ പ്രത്യേകതയാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ആ അഭിനയകുലപതി ഇന്ന് തന്റെ അറുപത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ അസുലഭ നിമിഷത്തിൽ മലയാളികൾ വീണ്ടും ഏറ്റുപാടി ‘നെഞ്ചിനകത്ത്..ലാലേട്ടൻ..’.
വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി 1960 മെയ് 21ന് ജനനം. തിരുവനന്തപുരം മുടവന്‍മുകള്‍ തറവാട് വീട്ടിൽ ആയിരുന്നു മോഹന്‍ലാലിന്റെ ബാല്യകാലം. തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മോഹന്‍ലാല്‍ എംജി കോളേജില്‍ നിന്നു ബികോം ബിരുദം സ്വന്തമാക്കി. സ്കൂള്‍ പഠനകാലത്ത് മികച്ച നാടകനടനുള്ള പുരസ്ക്കാരങ്ങള്‍ നേടിയ മോഹൻലാല്‍ കോളേജിൽ എത്തിയതോടെ കഥ മാറി.
ഫാസിൽ സംവിധാനം ചെയ്ത മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെ മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ മുഖം ബിഗ് സ്ക്രീനിൽ തെളിയുക ആയിരുന്നു. ചിത്രത്തിൽ വില്ലൻ കഥാപാത്രമായി എത്തിയ മോഹൻലാൽ പ്രേക്ഷക ശ്രദ്ധനേടി. പിന്നീട് നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയില്‍ നിറഞ്ഞാടി. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍താര പദവിയിലേക്ക് ഉയരുന്നു. പിന്നീട് തന്റെ ജീവിത യാത്രയിൽ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല.
ഇന്ത്യയൊട്ടാകെ അരാധകരെ സൃഷ്ടിച്ച മോഹൻലാൽ രണ്ട് തവണ മികച്ച നടനടക്കം അഞ്ചോളം ദേശീയ അവാർഡുകൾക്കും ഒൻപതോളം തവണ സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരങ്ങൾക്കും അർഹനായിരുന്നു. അമ്പതു വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ വിരിഞ്ഞ മോഹൻലാലെന്ന വസന്തം പൊലിമയൊട്ടും കുറയാതെ ഇന്നും ജ്വലിച്ചു നിൽക്കുന്നു. വയസ്സ് വെറും സംഖ്യ ആണെന്ന് പറയുന്നത് പോലെ 64 ലിലും കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഇന്നും ഇനി അങ്ങോട്ടും മോഹൻലാൽ ‘ലാലേട്ടൻ’ തന്നെയാണ്.

 
                                            