യാത്രകൾ പലപ്പോഴും മനോഹരമായ ഓർമ്മകളാണ് സമ്മാനിക്കുന്നത്. എന്നാൽ ആ യാത്രകളിൽ അല്പം സാഹസികത കൂടെ ഉണ്ടെങ്കിൽ ഓർമ്മകളുടെ മധുരം ഇരട്ടിയാകും. അത്തരത്തിൽ കുറച്ച് സാഹസികത ഇഷ്ടപ്പെടന്നവർക്ക് കടന്ന് ചെല്ലാൻ പറ്റിയ ഒരു മനോഹര ഇടമാണ് ബേലം ഗുഹ. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ബേലം ഗ്രാമത്തിലാണ് ഭൂമിക്കടിയിലേയ്ക്ക് നമ്മെ കൊണ്ടുപോകുന്ന ഈ ഗുഹ സ്ഥിതിചെയ്യുന്നത്. ഈ ഗുഹയിലൂടെ ഏകദേശം രണ്ട് കിലോമീറ്റർ ദൂരം കാൽനടയായി യാത്ര ചെയ്താൽ ഭൂനിരപ്പിൽ നിന്ന് 150അടി താഴ്ചയിലേയ്ക്ക് നിങ്ങൾക്ക് എത്താൻ സാധിക്കും.

ഭൂമിക്കടിയിൽ 150അടി താഴ്ചയിൽ ആരെയും അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഒളിഞ്ഞിരിക്കുന്നത്. ഇവിടെ കുട്ടികൾക്ക് കളിക്കാനായി ഒരു പാർക്കും അധികൃതർ ഒരുക്കിയിട്ടുണ്ട്. മാലിന്യങ്ങൾ നിക്ഷേപിക്കാൻ വേണ്ടിയാണ് ഈ പ്രദേശത്തെ ജനങ്ങൾ ബേലം ഗുഹ ഉപയോഗിച്ചിരുന്നത്. പിന്നീട് ഗുഹയുടെ ചരിത്രപ്രാധാന്യം മനസിലാക്കിയ ആന്ധ്രാപ്രദേശ് സർക്കാർ മുൻകൈയെടുത്ത് ഗുഹ വൃത്തിയാക്കി.

ഗുഹയുടെ പ്രാധാന്യം മനസിലാക്കി ബേലം കേവിനെ ഇന്ന് കാണുന്ന രീതിയിലാക്കി മാറ്റിയ വ്യക്തികളുടെ പേരുകളും ഗുഹയിൽ ആലേഖനം ചെയ്തിട്ടുണ്ട്. 2002ലാണ് ബേലം ഗുഹ സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. ഉള്ളിൽ ചൂട് കൂടുതലായതിനാൽ വേനൽക്കാലത്ത് പോകുന്നത് ഒഴിവാക്കുന്നതാണുചിതം. മുതിർന്നവർക്ക് 65രൂപയും കുട്ടികൾക്ക് 45രൂപയുമാണ് ടിക്കറ്റ് നിരക്ക്.
