10 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി; വിഷു ബമ്പർ സമ്മാനം ഡോക്ടര്‍ക്കും ബന്ധുവിനും

തിരുവനന്തപുരം∙ കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ വിഷു ബമ്പർ ഒന്നാം സമ്മാനം ലഭിച്ച ഭാ​ഗ്യശാലികളെ കണ്ടെത്തി. കന്യാകുമാരി സ്വദേശി ഡോ. എം.പ്രദീപ് കുമാർ, ബന്ധു എൻ.രമേശ് എന്നിവർക്കാണ് ഒന്നാം സമ്മാനം. ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്. 10 കോടി രൂപയാണ് സമ്മാനത്തുക.

തിരുവനന്തപുരത്താണ് ടിക്കറ്റ് വിറ്റത്. HB 727990 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മേയ് 22 നായിരുന്നു നറുക്കെടുപ്പ്. പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററിൽനിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ഇവിടെനിന്നും ടിക്കറ്റ് വാങ്ങി വിൽപന നടത്തിയത് രംഗൻ എന്ന ചില്ലറ വിൽപനക്കാരനാണ്.

ടിക്കറ്റുമായി ഇരുവരും ലോട്ടറി ഡയറക്ട്രേറ്റിൽ എത്തിയെന്നും നോട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ ആവശ്യമുള്ളതിനാൽ ടിക്കറ്റ് സ്വീകരിച്ചിട്ടില്ലെന്നും ലോട്ടറി ഡയറക്ട്രേറ്റ് അധികൃതർ പറഞ്ഞു. നാട്ടിലെ ഉത്സവത്തിന്റെ തിരക്കായതിനാലാണ് ലോട്ടറി ടിക്കറ്റ് ഹാജരാക്കാൻ താമസിച്ചതെന്നാണ് ഇരുവരും അധികൃതരോട് പറഞ്ഞത്. ലോട്ടറി ടിക്കറ്റ് 90 ദിവസത്തിനുള്ളിൽ ഹാജരാക്കിയാൽ മതിയാകും.

കേരളത്തിനു പുറത്തുള്ളവർ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉന്നയിക്കുമ്പോൾ ലോട്ടറി ടിക്കറ്റിനും തിരിച്ചറിയൽ രേഖകൾക്കുമൊപ്പം നോട്ടറിയുടെ ഒപ്പും, പേരും, ഉദ്യോഗപ്പേരും, നോട്ടറി സ്റ്റാംപും, നോട്ടറി സീലും സമർപ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *