ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഇൻസ്ട്രക്ടർ എന്ന നേട്ടവുമായി മുന്നേറുകയാണ് റെയൻഷ് സുരാനി എന്ന ഇന്ത്യൻ ബാലൻ. 2021 ജൂലായിൽ, 9 വയസും 220 ദിവസവും പ്രായമായപ്പോഴാണ് റെയൻഷിന് യോഗ ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റ് ലഭിച്ചത്.
അഞ്ച് വയസായപ്പോൾ തന്നെ റെയൻഷ് യോഗയിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു എന്ന് അമ്മ ആഷ്ന സുരാനി പറയുന്നു. അധ്യാപകരുടെയും മാതാപിതാക്കളുടെയും അകമഴിഞ്ഞ പിന്തുണ കൂടി ആയപ്പോൾ റെയൻഷ് വളരെ വേഗം യോഗ സ്വായത്തമാക്കി. തന്നിൽ ന്ഇന്ന് യോഗ പഠിച്ച പല സുഹൃത്തുക്കളും അത് ആസ്വദിക്കുന്നുണ്ടെന്ന് കുട്ടി ഇൻസ്ട്രക്ടർ പറയുന്നു. ചിലർ കുറച്ചു നാൾ യോഗ ചെയ്തിട്ട് മറ്റെന്തിലേക്കെങ്കിലും ശ്രദ്ധ തിരിക്കും. എങ്കിലും അവർ ഈ പ്രായത്തിൽ തന്നെ യോഗയെപ്പറ്റി അറിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും റെയൻഷ് പറയുന്നു. ഏറെ വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യോഗ ചെയ്യുകയാണ് റെയൻഷിൻ്റെ സ്വപ്നം. ഒപ്പം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദിനൊപ്പവും യോഗ ചെയ്യണമെന്ന് റെയൻഷിന് ആഗ്രഹമുണ്ട്.
