ന്യൂഡൽഹി: ഗോതമ്പ് കയറ്റുമതിക്ക് വിലക്കിട്ട് കേന്ദ്ര സർക്കാർ. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിയാണ് താത്കാലിക നടപടി. മറ്റ് രാജ്യങ്ങളിൽ ഭക്ഷ്യ ക്ഷാമമുണ്ടായാൽ അവിടത്തെ സർക്കാരുകളുടെ അഭ്യർത്ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കും. നേരത്തെ കരാർ ഒപ്പിട്ട കയറ്റുമതി ചെയ്യാമെന്നും കേന്ദ്ര സർക്കാർ ഇന്നലെ പുറപ്പെടുവിപ്പിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടിയും മറ്റ് ദുർബല രാജ്യങ്ങളുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിനുമാണ് കയറ്റുമതി താത്ക്കാലികമായി നിരോധിച്ചത്’- സർക്കാർ ഉത്തരവിൽ പറയുന്നു. റഷ്യ-യുക്രെയിൻ യുദ്ധം മൂലം രാജ്യാന്തര വിപണിയിൽ ഗോതമ്പിന്റെ വിലയിൽ 40 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുമൂലം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിച്ചു. ഡിമാൻഡ് വർദ്ധിച്ചതിനാൽ പ്രാദേശിക തലത്തിൽ ഗോതമ്പിന്റെ വില കൂടിയിരുന്നു. ഉത്തരേന്ത്യയിൽ ആട്ടയുടെ വിലയും ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തലത്തിൽ കൂടിയാണ് പുതിയ നടപടി.
