അഹമ്മദാബാദ്: ഗുജറാത്തിലെ മഴ കെടുതിയിൽ കഴിഞ്ഞ 24 മണിക്കൂറില്‍ ഏഴ് പേര്‍ മരിച്ചു. ഛോട്ടാഉദ്ദേപൂർ, നവ്സാരി, നൽസാദ് എന്നിവിടങ്ങളിൽ നിന്ന് 3200 പേരെ ഒഴിപ്പിച്ചു. ദോസ്വാദ അണക്കെട്ട് നിറഞ്ഞിരിക്കുകയാണ്. 66 ഗ്രാമങ്ങളിൽ വൈദ്യുതി തടസപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ജൂണ്‍ 1 മുതലുള്ള കണക്കെടുത്താല്‍ മരണസംഖ്യ 63 ആയി. 9000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 468 പേരെ രക്ഷപ്പെടുത്തി. നവസാരിയിൽ വീടുകൾ വെള്ളത്തിനടിയിലാണ്. അടുത്ത അഞ്ചു ദിവസം പല ജില്ലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അഹമ്മദാബാദ് നഗരത്തിൽ ഞായറാഴ്ച രാത്രി 219 മില്ലിമീറ്റർ മഴ പെയ്തു. പല ജനവാസ മേഖലകളിലും വെള്ളം കെട്ടിനിൽക്കുകയാണ്. അടിപ്പാതകളിലും റോഡുകളിലും വെള്ളം കയറി. സാധ്യമായ എല്ലാ സഹായവും കേന്ദ്രം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉറപ്പ് നല്‍കിയിട്ടുണ്ട്.
