ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിലെത്തി ദർശനം നടത്തി. പമ്പയിൽ നിന്ന് ഇരുമുടിക്കെട്ട് നിറച്ചാണ് ഗവർണർ എത്തിയത്. ഇളയ മകനോടൊപ്പമെത്തിയ ഗവർണർക്ക് സന്നിധാനത്ത് സ്വീകരണം നൽകി. ഇന്നലെ വൈകിട്ട് പമ്പയിൽ നിന്ന് ഇരുമുടിക്കെട്ട് നിറച്ച് സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഗവർണർ മല കയറിയത്. ഗവർണറെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു, ബോർഡ് അംഗം കെ എസ് രവി, ദേവസ്വം കമ്മീഷണർ ബി എസ് തിരുമേനി എന്നിവർ ചേർന്ന് വലിയ നടപ്പന്തലിന് മുന്നിൽ വച്ച് സ്വീകരിച്ചു.
പടിപൂജയ്ക്ക് ശേഷം ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി അയ്യപ്പ സന്നിധി ഗവർണർ ദർശിച്ചു.മാളികപ്പുറം ക്ഷേത്രപരിസരത്ത് ഗവർണർ ചന്ദന തൈയ്യും നട്ടു. ഇളയ മകൻ കബീർ ആരിഫും ഗവർണർക്കൊപ്പം ശബരിമലയിൽ ദർശനം നടത്താനെത്തിയിരുന്നു. ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ പരിപാടിൽ പങ്കെടുത്ത ശേഷമേ ഗവർണർ മലയിറങ്ങുകയുള്ളൂ.
