ഹര്‍ത്താല്‍; കെ എസ് ആര്‍ ടി സി അവശ്യ സര്‍വീസുകള്‍ നടത്തും;ദീര്‍ഘദൂര സര്‍വ്വീസുകള്‍ വൈകിട്ട് ആറുമണിക്ക് ശേഷം

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിവസമായ നാളെ കെ എസ് ആര്‍ ടി സി അവശ്യ സര്‍വീസുകള്‍ ഉണ്ടാകും. ആശുപത്രികള്‍ റെയില്‍വേ സ്റ്റേഷനുകള്‍ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തും. തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷം ദീര്‍ഘദൂര സര്‍വീസുകളടക്കം എല്ലാ സ്റ്റേ സര്‍വീസുകളും ഡിപ്പോകളില്‍ നിന്നും ആരംഭിക്കും. അധികം യാത്രക്കാര്‍ ഉണ്ടാവാന്‍ സാധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകാനിടയുള്ളതിനാലുമാണ് നടപടിയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന തൊഴിലാളികളും കര്‍ഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകള്‍ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളാണ് ഈ മാസം 27ന് ഭാരത് ബന്ദിന് ആദ്യം ആഹ്വാനം ചെയ്തത്.

അതിനിടെ ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചിരുന്നു. ബിഎംഎസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിന് എല്‍ ഡി എഫ് പിന്തുണ കൂടി ലഭിച്ചതോടെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രതീതിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *