കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഉന്നതർ ഇടപെട്ടുവെന്ന് ആരോപിച്ച് പരാതികാരി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ഹര്‍ജിയില്‍ വെള്ളിയാഴ്ച രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ബുധനാഴ്ച നടിയുടെ ഹര്‍ജി പരിഗണിച്ചത്.
അതേസമയം, ഹര്‍ജി പരിഗണിച്ചപ്പോള്‍ ചില കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് പറഞ്ഞു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടും അദ്ദേഹം വിശദീകരിച്ചു. സര്‍ക്കാര്‍ ഈ കേസില്‍ ഒരിക്കലും പിന്നോട്ടുപോയിട്ടില്ല. സര്‍ക്കാര്‍ നടിയ്ക്കൊപ്പമാണ് നിലകൊണ്ടത്. പ്രോസിക്യൂട്ടറെ നിയമിക്കേണ്ട ഘട്ടത്തില്‍ നടിയുടെ അഭിപ്രായം കൂടി തേടിയിരുന്നതായും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
അതേസമയം ഹര്‍ജിയിലെ ആരോപണങ്ങള്‍ നടിയുടെ ആരോപണമാണെന്ന് വിശ്വസിക്കുന്നില്ല എന്നും അതിനാല്‍ ആരോപണങ്ങളില്‍നിന്ന് പിന്മാറണമെന്നും നടിയുടെ അഭിഭാഷകനോട് അദ്ദേഹം അഭ്യര്‍ഥിച്ചു. കേസില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ഈ കേസില്‍ ഒരു ഇടപെടലിനും സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് പറഞ്ഞു.
