തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനൊരുങ്ങി സിപിഎം. ആരോപണങ്ങൾക്ക് പിന്നിൽ ബി ജെ പിയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് വ്യാജ പ്രചരണങ്ങൾ അഴിച്ച് വിടുന്നത്. ആരോപണങ്ങൾക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്താനും സെക്രട്ടേറിയറ്റിൽ തീരുമാനമായി.
അതേസമയം, സ്വപ്ന സുരേഷിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് മാധ്യമപ്രവർത്തകൻ എം.വി നികേഷ് കുമാർ. സ്വപ്ന സുരേഷും ഷാജ് കിരണും കൂടി തന്നെ കുടുക്കാനാണ് ശ്രമിക്കുന്നതെന്നും നികേഷ് പറഞ്ഞു. സ്വപ്നയുടെ അഭിമുഖം എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാജ് കിരൺ തനിക്ക് മെസേജ് അയച്ചത്. അഭിമുഖത്തിന്റെ പേര് പറഞ്ഞത് തന്നെ കുടുക്കാൻ ലക്ഷ്യമിട്ടാണ്. തന്ത്രപൂർവം തന്നെ പാലക്കാട്ട് എത്തിക്കാനായിരുന്നു ശ്രമം. ബോധപൂർവമായ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നത്. സ്വപ്നക്കും ഷാജ് കിരണിനും പിന്നിൽ മറ്റു ചിലരുള്ളതായി സംശയിക്കുന്നുവെന്നും നികേഷ് കുമാർ പറഞ്ഞു.
