സ്വന്തം സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുന്ന വൃത്തികെട്ട സംസ്‌കാരമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് ; കെ സുധാകരന്‍

കോഴിക്കോട്: വൃത്തികെട്ട സംസ്‌കാരമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ഇത്രയും അച്ചടക്കമില്ലാത്ത പാര്‍ട്ടി ലോകത്തെവിടെയും ഉണ്ടാകില്ല. സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുന്ന നേതാക്കന്‍മാരെ വേണമോയെന്ന് ആലോചിക്കണമെന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോട് ഡി.സി.സി നേതൃസംഗമത്തിലാണ് സുധാകരന്റെ പ്രതികരണം.

കാലം തന്ന ദൗര്‍ബല്യം പാര്‍ട്ടിയെ ബാധിച്ചു. കേന്ദ്രത്തിലും കേരളത്തിലും അധികാരത്തില്‍ ഇല്ലാത്തതും തിരിച്ചടിയായി. പാര്‍ട്ടിക്ക് വിധേയമാകാത്തവരെ വെച്ചുപൊറുപ്പിക്കില്ലെന്നും അച്ചടക്കലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിക്കുന്നവര്‍ എന്ത് കോണ്‍ഗ്രസുകാരാണ്. നേതാക്കന്‍മാരെ പോലും സമൂഹമാധ്യമങ്ങളിലൂടെ തെറി വിളിക്കുന്നു.

ഇതെല്ലാം കാണുന്ന പൊതുജനങ്ങള്‍ക്ക് പാര്‍ട്ടിയെ കുറിച്ച് എന്ത് മതിപ്പാണ് ഉണ്ടാവുക. പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം പഠിക്കാന്‍ കൈപുസ്തകം നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ശക്തമാക്കുന്നതിനുള്ള പരിപാടികള്‍ ആരംഭിച്ചു. സെമി കേഡര്‍ സംവിധാനത്തെ രാഹുല്‍ ഗാന്ധി പ്രശംസിച്ചിട്ടുണ്ട്. വി.എം സുധീരന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. രാഷ്ട്രീയ കാര്യ സമിതി കൂടിയിട്ടുണ്ട്. കൂടുന്ന സമയത്ത് ആരും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *