സ്ത്രീകൾ വ്യാജ വിവാഹ വാ​​ഗ്ദാനം നൽകിയാൽ കേസില്ല, ഇത് ഏത് തരം നിയമം? വാക്കാൽ പരാമര്‍ശവുമായി ഹൈക്കോടതി

കൊച്ചി: ബലാത്സം​ഗ കുറ്റങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ലിം​ഗസമത്വം ഇല്ലെന്ന് ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികൾ അവരുടെ കുട്ടിയുടെ സംരക്ഷണത്തെച്ചൊല്ലി നൽകിയ ഹര്‍ജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ബലാത്സംഗ കുറ്റം ലിംഗഭേദമില്ലാതെയാക്കണമെന്നാണ് ജസ്റ്റിസ് എ മുഹമ്മത് മുസ്താഖ് അഭിപ്രായപ്പെടുന്നത്.

കോടതി പരിഗണിച്ച കേസിലെ കക്ഷിയായ ഭര്‍ത്താവ് ഒരിക്കൽ ബലാത്സംഗ കേസിൽ പ്രതിയായിരുന്നു എന്ന കാര്യം എതിര്‍ ഭാഗം കോടതിയിൽ ഉന്നയിക്കുകയായിരുന്നു. എന്നാൽ ഇയാൾക്കെതിരായ കേസ് വ്യാജമായിരുന്നെന്ന് ഭര്‍ത്താവിന്റെ കൗൺസിൽ വാദിച്ചു. ഇയാൾ ഇപ്പോൾ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനം നൽകി ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത ആരോപണമെന്നും ഭർത്താവിന്റെ അഭിഭാഷകൻ വാദിച്ചു.

ഈ ഘട്ടത്തിലായിരുന്നു ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പ് (ബലാത്സംഗ കുറ്റം) ലിംഗസമത്വം ഉറപ്പാക്കുന്നില്ലെന്ന ആശങ്കയിൽ കോടതി വാക്കാലുള്ള പരാമർശം നടത്തിയത്. സെക്ഷൻ 376 -ൽ ലിംഗനീതി ഉറപ്പാക്കുന്ന വ്യവസ്ഥയില്ല, ഒരു സ്ത്രീ പുരുഷന് വ്യാജ വിവാഹ വാഗ്ദാനം നൽകിയാൽ അവര്‍ക്കെതിരെ കേസെടുക്കാൻ കഴിയില്ല. എന്നാൽ അതേ കുറ്റത്തിന് ഒരു പുരുഷനെ പ്രതിയാക്കാം. ഇത് ഏത് തരത്തിലുള്ള നിയമമാണ്? എന്നാണ് കോ‌ടതി ചോദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *