ന്യൂഡല്‍ഹി; സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപി കുറ്റവിമുക്തന്‍. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ തെളിവുകളില്ലെന്ന് വിചാരണാ കോടതി വ്യക്തമാക്കി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നിര്‍ണായകമായ ഉത്തരവ്.
സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തരൂരിനെതിരെ ആത്മഹത്യാ പ്രേരണയ്ക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ ഡല്‍ഹി പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വാദം കോടതി തള്ളുകയായിരുന്നു. ജഡ്ജി ഗീതാഞ്ജലി ഗോയല്‍ ആണ് വിധി പറഞ്ഞത്.
അതേസമയം ഏഴര വര്‍ഷക്കാലം നീണ്ട വേട്ടയാടല്‍ അവസാനിച്ചെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു. തന്നെ കുറ്റവിമുക്തനാക്കിയ നീതിപീഠത്തിന് നന്ദിയെന്നായിരുന്നു എംപിയുടെ ആദ്യപ്രതികരണം. സുനന്ദയുടെ മരണത്തിന് ശേഷം താന്‍ അനുഭവിച്ച ദുസ്വപ്നത്തിന് അവസാനമായെന്നും അദ്ദേഹം പറഞ്ഞു.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ വച്ച് സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കഗുളിക പോലെയുള്ള മരുന്നുഗുളികകള്‍ അമിതമായി കഴിച്ചതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട. ശരീരത്തില്‍ പന്ത്രണ്ടോളം ചെറിയ മുറിവുകളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
2015 ജനുവരിയില്‍ സുനന്ദയുടെ മരണത്തില്‍ കൊലപാതകത്തിന് പൊലീസ് കേസെടുത്തു. തൊട്ടടുത്ത ദിവസം തന്നെ അന്വേഷണവും തുടങ്ങി.
2018 മേയിലാണ് ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ജൂലൈ 7ന് തരൂരിന് സ്ഥിരജാമ്യം ലഭിച്ചു. സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമാണ് ശശി തരൂരിന്റെ വാദം. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് മുന്‍പ് കേസ് വിധി പറയാനായി മൂന്ന് തവണ തീരുമാനിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. ജൂലൈ 27നായിരുന്നു അവസാനമായി മാറ്റിയത്.

 
                                            