നിരവധി സാറ്റലൈറ്റുകളാണ് വിവിധ രാജ്യങ്ങളിൽ നിന്നും ഓരോ മാസവും വിക്ഷേപിക്കുന്നത്.ഭാവിയിൽ ഇതെല്ലാം ഭൂമിയിലുള്ളവർക്ക് തന്നെ ഭീഷണിയാകുമെന്നാണ് ഗവേഷകർ ഇപ്പോൾ നൽകുന്ന മുന്നറിയിപ്പ്. ഭൂമിയെ പരിക്രമണം ചെയ്യുന്ന വസ്തുക്കളുടെ എണ്ണം കൂടുന്നത് രാത്രിയിലെ ആകാശത്തിന്റെ മൊത്തത്തിലുള്ള വെളിച്ചത്തിലെ പ്രകൃതിദത്ത പ്രകാശ നിരക്കിനേക്കാൾ 10 ശതമാനത്തിലധികം വർധിപ്പിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മന്ത്ലി നോട്ടീസസ് ഓഫ് ദി റോയൽ ആസ്ട്രൊനൊമിക്കൽ സൊസൈറ്റി : ലെറ്റേഴ്സ്, എന്ന മാഗസിനിലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് ഉള്ളത്.
അമേരിക്കൻ കമ്പനി സ്പേസ് എക്സിന്റെ ബഹിരാകാശ ഇന്റർനെറ്റ് പദ്ധതിയായ സ്റ്റാർലിങ്കിന് വേണ്ടിയിട്ട് ഓരോ മാസവും നിരവധി ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. വൺ വെബ് പോലെയുള്ള നിരവധി കമ്പനികളും ഇന്റർനെറ്റ് ലഭ്യമാക്കാനായി സാറ്റലൈറ്റ് വിക്ഷേപിക്കുന്നുണ്ട്. 12,000 സാറ്റലൈറ്റുകൾ വിക്ഷേപിച്ച് ഭൂമിയിൽ എവിടെയും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് ഇലോൺ മസ്കിന്റെ പദ്ധതി. ഇത്തരത്തിൽ സാറ്റലൈറ്റുകൾ വിക്ഷേപിക്കുന്നത് വാന നിരീക്ഷണത്തെ പോലും ബാധിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
നിലവിൽ നഗ്‌ന നേത്രങ്ങൾ കൊണ്ട് തന്നെ കാണാനാവുന്ന ഉയരത്തിലാണ് സ്പേസ് എക്സിന്റെ സാറ്റലൈറ്റുകളുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി ആകാശത്ത് വിചിത്ര വെളിച്ചങ്ങൾ കുതിക്കുന്നത് കാണാൻ കഴിഞ്ഞിരുന്നു. ഇതെല്ലാം സാറ്റലൈറ്റുകളാണെന്നാണ് റിപ്പോർട്ട്. സ്റ്റാർ ലിങ്കിന്റെ സാറ്റലൈറ്റുകൾ പ്രതീക്ഷിച്ചതിലും തിളക്കമുള്ളതാണെങ്കിലും ഇത് വാന നിരീക്ഷണത്തെ പോലും അലോസരപ്പെടുത്തുന്നു എന്നും നേരത്തെ തന്നെ ആരോപണം ഉയർന്നിട്ടുണ്ട്.
ഭൂമിയിൽ നിന്നു ദൂരദർശനികളും മറ്റും ഉപയോഗിച്ച് പ്രകാശ വർഷങ്ങൾ അകലെയുള്ള ഗ്രഹങ്ങളെയും നക്ഷത്ര സമൂഹങ്ങളെയും നിരീക്ഷിക്കുമ്പോൾ ഈ സാറ്റലൈറ്റുകൾ കണ്ണിലെ കരടാകുന്നുവെന്നാണ് സസക്സ് സർവകലാശാലയിലെ ഡാരൻ ബാസ്കിൽ അടക്കമുള്ളവർ പറയുന്നത്. നിലവിലെ സാറ്റലൈറ്റുകൾ തന്നെ പലപ്പോഴും വാനനിരീക്ഷകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്.
ആധുനിക ദൂരദർശിനികൾ ഉപയോഗിച്ച് നീണ്ടു നിൽക്കുന്ന എക്സ്പോഷാറിലാണ് വാനനിരീക്ഷകർ പല ചിത്രങ്ങളും എടുക്കുന്നത്. മിനിറ്റുകൾ മുതൽ മണിക്കൂറുകൾ വരെ സമയമെടുത്താണ് ഈ ചിത്രമെടുപ്പ് നടത്തുന്നത്..

 
                                            