ബ്രിട്ടന്‍: സാമൂഹിക അകലവും മാസ്‌കും ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ബ്രിട്ടന്‍. തിങ്കളാഴ്ച മുതലാണ് കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. അതേസമയം നിയന്ത്രണം ഒഴിവാക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി.
സ്റ്റേഡിയങ്ങളിലെല്ലാം അതിന്റെ കപ്പാസിറ്റിക്ക് അനുസരിച്ച് ആളുകള്‍ക്ക് പ്രവേശനം അനുവദിക്കും. നിശാക്ലബ്ബുകളും തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. പ്രായപൂര്‍ത്തിയായവരില്‍ 67.8% രണ്ടു ഡോസും വാക്‌സീനും 87.8% ഒരു ഡോസും വാക്‌സീന്‍ സ്വീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം കഠിനമാകില്ല എന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എല്ലാം തുറന്നുകൊടുക്കുന്നത്.
ഇനിയും വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗത്തില്‍ കുത്തിവെപ്പെടുക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാനുള്ള കൃത്യമായ സമയമാണിത്. എങ്കിലും ജനങ്ങള്‍ ജാഗ്രത തുടരണമെന്നും ബോറിസ് ജോണ്‍സണ്‍ അഭ്യര്‍ഥിച്ചു.

 
                                            