ഭോപ്പാല്‍: സഹോദരിക്ക് പെൺകുഞ്ഞ് പിറന്ന സന്തോഷത്തിൽ നാട്ടുകാര്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കി പെട്രോള്‍ പമ്പ് ഉടമ കൂടിയായ യുവാവ്.
മധ്യപ്രദേശിലെ ബേതുൽ ജില്ലയിലാണ് സംഭവം.
പെട്രോൾ പമ്പ് ഉടമ ദീപക് സൈനാനി എന്ന യുവാവാണ് സഹോദരിക്ക് ഒക്ടോബർ 9 ന് പെൺകുട്ടി പിറന്ന സന്തോഷത്തിൽ പെട്രോൾ നൽകി ഉത്സവമാക്കിയത്.
പെട്രോള്‍ പമ്പ് കഴിഞ്ഞ മാര്‍ച്ചിലാണ് തുറന്നത്, അന്ന് മുതല്‍ എന്‍റെ ഉപയോക്താക്കള്‍ക്ക് എന്തെങ്കിലും സമ്മാനം നല്‍കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നവരാത്രിയും, സഹോദരിയുടെ കുട്ടിയുടെ ജനനവും ഒന്നിച്ചായതോടെ ഇതാണ് നല്ല സമയം എന്ന് കണക്കുകൂട്ടി. ഇത് വിലകുറഞ്ഞ പരസ്യതന്ത്രമായി ജനങ്ങള്‍ എടുക്കുമോ എന്നതില്‍ ആശങ്കയൊന്നും ഇല്ലെന്നും ഇദ്ദേഹം പറയുന്നു.
അഷ്ടമി, നവമി, ദസറ ദിനങ്ങളായ ഒക്ടോബര്‍ 13,14,15 ദിവസങ്ങളിലാണ് ഈ ഓഫര്‍ ദീപക്കിന്‍റെ പമ്പില്‍ നല്‍കുന്നത്. ഒരോ ഉപയോക്താവും അടിക്കുന്ന പെട്രോളിന്‍റെ 10 മുതല്‍ 15 ശതമാനം കൂടുതലാണ് പെട്രോള്‍ സൌജന്യമായി അടിച്ചുനല്‍കും എന്നതാണ് ദീപക്ക് മുന്നോട്ട് വയ്ക്കുന്ന ഓഫര്‍. ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ പെട്രോള്‍ അടിക്കാന്‍ എത്തുന്ന രാവിലെ 9 മണി മുതല്‍ 11 വരെയും, വൈകീട്ട് അഞ്ച് മുതല്‍ 7 മണിവരെയുമാണ് ഈ ഫ്രീ പെട്രോള്‍ ലഭിക്കുകയുള്ളൂ എന്നും ദീപക്ക് പറയുന്നു.
100 രൂപയ്ക്ക് പെട്രോള്‍ വാങ്ങുന്നവര്‍ക്ക് 5 ശതമാനം കൂടുതല്‍ പെട്രോളും, 200-500 വരെ രൂപയ്ക്ക് പെട്രോള്‍ അടിക്കുന്നവര്‍ക്ക് 10 ശതമാനം അധിക സൌജന്യ പെട്രോളും, അതില്‍ കൂടുതല്‍ രൂപയ്ക്ക് അടിക്കുന്നവര്‍ക്ക് 15 ശതമാനം സൗജന്യവുമാണ് നല്‍കുന്നത്.തന്‍റെ സന്തോഷമാണ് ഈ ഓഫറിലൂടെ പങ്കുവയ്ക്കുന്നത്. പമ്പില്‍ എത്തുന്നവര്‍ എന്ത് ചിന്തിക്കും എന്ന് കരുതുന്നില്ല. വിഗലാംഗയായ സഹോദരിക്ക് ഏറെ നാളെത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു കുട്ടിപിറക്കുന്നത്. ആ സന്തോഷമാണ് താന്‍ പങ്കുവയ്ക്കുന്നത് എന്ന് ദീപക്ക് പറയുന്നു.
