പീരുമേട്: സഹോദരന്റെ പിണക്കം മാറ്റാൻ കത്ത് എഴുതി വ്യത്യസ്തയാകുകയാണ് പെരുവന്താനം പഞ്ചായത്തിലെ എൻ.ആർ.ഇ.ജി. വിഭാഗം എൻജിനീയറായ കൃഷ്‌ണപ്രിയ. കത്തിൽ എന്താ ഇത്ര പുതുമ എന്നല്ലേ? പുതുമ ഉണ്ട്, കാരണം കൃഷ്ണപ്രിയ എഴുതിയത് ചെറിയ കത്തൊന്നുമല്ല. എകദേശം 434 മീറ്റർ നീളമുള്ള കത്താണ് കൃഷ്ണപ്രിയ സഹോദരനായി എഴുതിയത്.
എല്ലാ വർഷവും ലോക സഹോദരദിനത്തിൽ സഹോദരൻ കൃഷ്‌ണപ്രസാദിന് കൃഷ്‌ണപ്രിയ കത്തെഴുതിയിരുന്നു. എന്നാൽ ഇത്തവണ ജോലിത്തിരക്കുമൂലം കത്തെഴുതാൻ മറന്നതോടെ കൃഷ്ണപ്രസാദ് പിണക്കത്തിലായി. ഫോൺ വിളിച്ചിട്ടും പ്രതികരിക്കാതെ, ബ്ലോക്ക് ചെയ്തതോടെയാണ് കൃഷ്ണപ്രിയ കത്തെഴുതാൻ തീരുമാനിച്ചത്. സഹോദരനുമൊത്തുള്ള ഓർമകൾ പങ്കുവെച്ച് എഴുതിയ കത്തിന് ദൈർഘ്യം കൂടിയതോടെ ബില്ല് പ്രിന്റ് ചെയ്യുന്ന റോൾ പേപ്പറുകൾ വാങ്ങി. ഇത്തരത്തിൽ പതിനഞ്ച് റോൾ പേപ്പറുകളിൽ എഴുതി തീർന്നപ്പോൾ നീളം 434- മീറ്ററിൽ എത്തി.
കത്ത് ലോക റെക്കോർഡിൽ ഇടം നേടുകയും ചെയ്തു. അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ അല്ല കത്തെഴുതിയത് എന്ന് കൃഷ്ണപ്രിയ പറഞ്ഞു. ഒരു ദിവസം കൊണ്ടാണ് കൃഷ്ണപ്രിയ കത്തെഴുതി പൂർത്തീകരിച്ചത്.പെരുവന്താനം പോസ്റ്റ് ഓഫീസിൽനിന്നാണ് കത്തയച്ചത്. വീട്ടിൽ പാഴ്‌സൽ എത്തിയപ്പോൾ സഹോദരിയുടെ സമ്മാനം ആയിരിക്കുമെന്നാണ് കൃഷ്ണപ്രസാദ് കരുതിയത്. അഞ്ചു കിലോ ഭാരമുള്ള പാഴ്‌സൽ പൊട്ടിച്ചപ്പോഴാണ് ഇംഗ്ലീഷിലെഴുതിയ നീണ്ട ഭീമൻ കത്താണെന്ന് മനസ്സിലാകുന്നതെന്നും കൃഷ്ണപ്രസാദ് പ്രതികരിച്ചു.
