സര്‍ക്കാര്‍ സംവിധാനങ്ങള്‍ മറക്കുന്നത് ബാലഗോകുലം ചെയ്യുന്നു : വി.മുരളീധരന്‍

തിരുവനന്തപുരം : ലഹരി മാഫിയകള്‍ കേരളം കീഴടക്കുമ്പോള്‍ കുട്ടികളുടെ സന്മാര്‍ഗ ജീവിതത്തിന് ബാലഗോകുലം നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. ലഹരി മരുന്ന് ഇടപാടുകാരുടെ ഇഷ്ടസ്ഥലമായി കേരളം മാറിക്കഴിഞ്ഞെന്നും സര്‍ക്കാര്‍ മൗനം പാലിക്കുമ്പോള്‍ ബാലഗോകുലം പോലുള്ള പ്രസ്ഥാനങ്ങള്‍ നടത്തുന്ന ബോധവത്കരണങ്ങള്‍ പ്രതീക്ഷാവഹമെന്നും നാല്‍പ്പത്തിയേഴാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.

ശ്രീകൃഷ്ണ ജയന്തി ആഘോഷം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. സമൂഹമനസ്സുകളില്‍ സ്പര്‍ധയും വേര്‍തിരിവും വളര്‍ത്താന്‍ ശ്രമിച്ചവരെ വകഞ്ഞുമാറ്റി മുന്നോട്ടുപോകാന്‍ ബാലഗോകുലത്തിനായി. ഭാരതം പോലുള്ള ഒരു രാഷ്ട്രത്തിന് അഭിവൃദ്ധിയോടും സധൈര്യമായിട്ടും മുന്നേറാന്‍ പൌരാണിക മൂല്യങ്ങള്‍ പുതുതലമുറയ്ക്കും പഠിപ്പിച്ചുനല്‍കണം. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തിലും ആനന്ദത്തിലും വളരാന്‍ സനാതന പൈതൃകം പകര്‍ന്നുകൊടുക്കുന്ന കൂടുതല്‍ കൂട്ടായ്മകളുണ്ടാകണമെന്നും മന്ത്രി വര്‍ക്കലയില്‍ പറഞ്ഞു.

ആര്‍എസ്എസ്സിന്റെ ശാഖകളിലേക്ക് റിക്രൂട്ടിങ് നടത്തുന്ന ഏജന്‍സികളായാണ് ബാലഗോകുലമെന്ന വിമര്‍ശനത്തിനും മന്ത്രി മറുപടി നല്‍കി. ആര്‍എസ്എസിനോ ബിജെപിക്കോ അത്തരമൊരു റിക്രൂട്ട്‌മെന്റിന്റെ ആവശ്യമില്ലെന്നും സനാതനവഴികളിലേക്കുള്ള വാതിലുകള്‍ തുറന്നിടുന്നവരെ സ്വയംസേവക സംഘവും ബിജെപിയും പിന്തുണക്കുമെന്നും മന്ത്രി പറഞ്ഞു. സനാതനവാദികളും സമുദായവാദികളും നേരിടുന്ന രാഷ്ട്രീയ ഗൂഢാലോചന പഠിക്കേണ്ടതാണ്. ഗുരുജി ഗോള്‍വാള്‍ക്കര്‍ ഭരണഘടനാവിരുദ്ധനായിരുന്നു എന്ന് സ്ഥാപിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും മന്ത്രി പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *