തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ പുതിയ ഒ ടി ടി പ്ലാറ്റ്ഫോം ഉടൻ യാഥാർഥ്യമാകുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സി സ്പേസ് എന്ന പേരിൽ അറിയപ്പെടുന്ന പ്ലാറ്റ് ഫോം കേരള പിറവി ദിനത്തിൽ നിലവിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിയറ്റർ വ്യവസായത്തിന് വരുമാന നഷ്ട്ടം ഉണ്ടാകാത്ത രീതിയിലായിരിക്കും ഒ.ടി.ടിയുടെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു.സീ സ്പേസ് ഒ.ടി.ടി പ്ലാറ്റ്ഫോമിന്‍റെ നാമകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് തന്നെ ആദ്യമായാണ് സർക്കാർ മേഖലയിൽ ഒരു ഒടിടി പ്ലാറ്റ്ഫോം ഒരുങ്ങുന്നത്. സീ സ്പേസ് എന്ന പേരിൽ ആരംഭിക്കുന്ന പ്ലാറ്റ്ഫോമിൽ സാങ്കേതിക മികവോടെയുള്ള ലോകോത്തര സിനിമാ ആസ്വാദനത്തിനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.തിയറ്റർ ഉടമകൾക്ക് വരുമാന നഷ്ട്ടമുണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. തിയറ്റർ റിലീസിംഗിനു ശേഷമാണ് സിനിമകള്‍ ഒ.ടി.ടി.യിലേക്ക് എത്തുക. അതിനാല്‍ തന്നെ ഈ സംവിധാനം കാരണം സംസ്ഥാനത്തെ തിയേറ്റർ വ്യവസായത്തിന് വരുമാന നഷ്ടം സംഭവിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
