സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ; സുഹാസിനി ജൂറി ചെയര്‍പേഴ്‌സണ്‍


തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുള്ള 2020ലെ അന്തിമ ജൂറി ചെയര്‍പേഴ്‌സണായി സുഹാസിനിയെ നിയമിച്ചു. സംവിധായകന്‍ ഭദ്രനും കന്നഡ സംവിധായകന്‍ പി.ശേഷാദ്രിയും പ്രാഥമിക ജൂറി അധ്യക്ഷന്മാരാകും. ദേശീയ മാതൃകയില്‍ രണ്ട് തരം ജൂറികള്‍ സംസ്ഥാന അവാര്‍ഡില്‍ സിനിമ വിലയിരുത്തുന്നത് ഇതാദ്യമായാണ്. ഒക്ടോബര്‍ രണ്ടാം വാരത്തോടെ അവാര്‍ഡ് പ്രഖ്യാപനമുണ്ടാകും.

മികച്ച എഡിറ്റര്‍ക്കുള്ള ദേശീയ അവാര്‍ഡ് രണ്ടു തവണ നേടിയ സുരേഷ് പൈ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ ഗാനരചയിതാവ് മധു വാസുദേവന്‍, നിരൂപകനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ഇ.പി രാജഗോപാലന്‍, സംസ്ഥാന അവാര്‍ഡ് ജേതാവായ ഛായാഗ്രാഹകന്‍ ഷെഹ്നാദ് ജലാല്‍, എഴുത്തുകാരി രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.

സുഹാസിനി, പി.ശേഷാദ്രി, ഭദ്രന്‍ എന്നിവര്‍ക്കു പുറമെ ഹിന്ദി, മലയാളം, തെലുങ്ക് സിനിമാ ഛായാഗ്രാഹകനായ സി.കെ മുരളീധരന്‍, സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മോഹന്‍ സിതാര, മൂന്ന് ദേശീയപുരസ്‌കാരം നേടിയ സൗണ്ട് ഡിസൈനര്‍ ഹരികുമാര്‍ മാധവന്‍ നായര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍.ശശിധരന്‍ എന്നിവരാണ് അന്തിമ ജൂറിയിലെ മറ്റ് അംഗങ്ങള്‍.

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിര്‍ണയ സമിതികളില്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും. പ്രാഥമികജൂറിയില്‍ എട്ട് അംഗങ്ങളും അന്തിമ ജൂറിയില്‍ ഏഴ് അംഗങ്ങളുമാണ് ഉള്ളത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും നിരൂപകനുമായ ഡോ.പി.കെ രാജശേഖരനാണ് രചനാവിഭാഗം ജൂറിയുടെ ചെയര്‍മാന്‍. ചലച്ചിത്രനിരൂപകരായ ഡോ.മുരളീധരന്‍ തറയില്‍, ഡോ.ബിന്ദുമേനോന്‍, സി.അജോയ് (മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.

80 സിനിമകളാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി മത്സരിക്കുന്നത്. ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവര്‍. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനു മത്സരിക്കാന്‍ രംഗത്തുണ്ട്. നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കാന്‍ ശോഭന, അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍ തുടങ്ങിയവരും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *