തിരുവനന്തപുരം : സംസ്ഥാനത്ത് പതിനാല് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് പതിനാല് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് പതിനാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.
ഇന്നലെയാണ് സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഗര്‍ഭിണിയായിരിക്കെയാണ് യുവതിയുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചത്. ജൂലൈ 7ന് യുവതിയുടെ പ്രസവം സാധാരണ നിലയില്‍ നടന്നു.
ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ സ്രവ സാംപിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കയച്ചതില്‍ നിന്നാണ് സിക്ക കണ്ടെത്തിയത്. ഗര്‍ഭിണികളില്‍ സിക്ക ബാധിച്ചാല്‍ തല ചെറുതായ അവസ്ഥയില്‍ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലും നാഡീസംബന്ധമായ തകരാറുകളും സിക്ക മൂലം ഉണ്ടാകാറുണ്ട്. ഇപ്പോള്‍ സിക്ക ബാധിച്ച 24 വയസുകാരിയും ഏഴാം തീയതി ഇവര്‍ പ്രസവിച്ച കുഞ്ഞും ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്.
2017ലാണ് ഇന്ത്യയില്‍ ആദ്യമായി അഹമ്മദാബാദില്‍ സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. പകല്‍ സമയങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് സിക്ക രോഗവാഹകര്‍. രക്തദാനം, ലൈംഗിക ബന്ധം എന്നിവ വഴിയും ഈ രോഗം പകരാം. എന്നാല്‍ ഇത് മരണകാരണമായ രോഗമല്ല. മരുന്നില്ലാത്ത അസുഖത്തിന് കൊതുകു കടിയേല്‍ക്കാതെ നോക്കുകയാണ് പ്രതിരോധ മാര്‍ഗം. 1947ല്‍ ഉഗാണ്ടയിലെ സിക്ക വനാന്തരങ്ങളിലെ കുരങ്ങുകളിലാണ് ഈ വൈറസ് സാന്നിദ്ധ്യം ആദ്യമായി കണ്ടെത്തിയത്. 2015ല്‍ ബ്രസീലില്‍ പടര്‍ന്ന രോഗം തൊട്ടടുത്ത വര്‍ഷം നടന്ന റിയോ ഒളിമ്ബിക്സിന് ഭീഷണിയായതോടെയാണ് ലോക രാജ്യങ്ങളുടെ ശ്രദ്ധയില്‍ വരുന്നത്
