തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കോവിഡ് അവലോകനത്തില്‍ തീരുമാനമായി. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. രാത്രി 10 മുതല്‍ രാവിലെ ആറു വരെയാണ് നിയന്ത്രണം. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാലാണ് നടപടി. അതുപോലെ ഡബ്ലൂ.ഐ.പി.ആര്‍ ഏഴിന് മുകളിലുള്ള സ്ഥലങ്ങളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനമായി.
ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയത് മൂലം കൊവിഡ് കേസുകളിലുണ്ടായ വര്‍ധന ഓണത്തോടെ കൂടി. സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആര്‍ജിക്കാനാവും എന്നാണ് പ്രതീക്ഷ. ജനസംഖ്യ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സീന്‍ നല്‍കുന്നത് കേരളത്തിലാണ്. ഒരു ദിവസം അഞ്ച് ലക്ഷം പേര്‍ക്ക് വരെ വാക്‌സീന്‍ നല്‍കുന്നുണ്ട്. മരണം പരമാവധി കുറയ്ക്കാനാണ് ശ്രമം. രാജ്യത്തേറ്റവും നന്നായി കൊവിഡ് മരണനിരക്ക് കുറച്ചു നിര്‍ത്തുന്നത് കേരളമാണ്.
0.51 ശതമാനമാണ് കേരളത്തിലെ കൊവിഡ് മരണനിരക്ക്. ദേശീയശരാശരി ഇതിന്റെ മൂന്നിരട്ടിയാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനവും ഗ്രാമനഗരവ്യത്യാസം ഏറ്റവും കുറഞ്ഞ സംസ്ഥാനവും കൂടുതല്‍ വയോജനങ്ങള്‍ ഉള്ള സംസ്ഥാനവും കേരളമാണ്. ഹൃദ്രോഗികളും പ്രമേഹരോഗികളും ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. ഇങ്ങനെ മരണനിരക്ക് കൂടാന്‍ എല്ലാ സാഹചര്യവും ഉണ്ടായിട്ടും അതിനെ നിയന്ത്രിക്കാന്‍ സാധിച്ചത് പ്രതിരോധ സംവിധാനത്തിന്റെ ഗുണം കൊണ്ട് മാത്രമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
