കൊല്ലം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 79.99 ശതമാനം പേരും മറ്റു രോഗങ്ങളുള്ളവരെന്ന് ആരോഗ്യവകുപ്പ്. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയവ ബാധിച്ചവരാണ് ഏറെയും.മരിച്ചവരില്‍ 95.55 ശതമാനവും വാക്‌സിന്‍ എടുക്കാത്തവരാണ്. 1.46 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരും 2.99 ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തവരുമാണ്.
മറ്റുരോഗങ്ങള്‍ ബാധിച്ചിട്ടുള്ളവര്‍ക്കെല്ലാം വാക്‌സിനേഷന്‍ വേഗത്തിലാക്കും. മറ്റു രോഗങ്ങളുള്ളവര്‍, വയോധികര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് റിവേഴ്‌സ് ക്വാറന്റീന്‍ നിര്‍ബന്ധമാക്കും. ഇവരുടെ യാത്രകള്‍ ഒഴിവാക്കണം. പുറത്തുപോയി വരുന്ന, വീട്ടിലെ മറ്റുള്ളവര്‍ പ്രായമായവരുമായും ഗര്‍ഭിണികളുമായി സമ്പര്‍ക്കം ഒഴിവാക്കി റിവേഴ്‌സ് ക്വാറന്റീന്‍ പാലിക്കണം.
ആകെ മരണസംഖ്യയുടെ 75.8 ശതമാനവും 70 വയസ്സിനു മുകളിലുള്ളവരാണ്. അതിനാല്‍ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവാകുന്ന മറ്റു രോഗങ്ങളുള്ള വയോധികരെ ചികിത്സാകേന്ദ്രങ്ങളിലേക്കു മാറ്റണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
