തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നാലാം തിയതി മുതല്‍ നിസഹകരണ സമരം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. രോഗീപരിചരണത്തെ ബാധിക്കാത്ത തരത്തിലാകും സമരമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കെജിഎംഒഎയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസ സമരവും ആരംഭിച്ചിട്ടുണ്ട്.
കൊറോണ പ്രോട്ടോക്കോളുകള്‍ പാലിച്ച് കൊണ്ട് സംസ്ഥാന സമിതി അംഗങ്ങള്‍ മാത്രമാണ് ഉപവാസത്തില്‍ പങ്കെടുക്കുന്നത്. കെ ജി എം ഒ എ ഓണ്‍ലൈന്‍ കണ്‍സല്‍റ്റേഷന്‍, ട്രയിനിംഗ്, അവലോകന യോഗങ്ങള്‍ എന്നിവ ഡോക്റ്റര്‍മാര്‍ ബഹിഷ്‌കരിക്കും. ഒപ്പം കൊവിഡ്, നോണ്‍ കൊവിഡ് ചുമതലകളില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്യും.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനിയില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ട് നില്‍ക്കും. ഇതിന് പുറമെ ഓണ്‍ലൈനായി തീരുമാനിച്ചതുള്‍പ്പെടയുള്ള മീറ്റിംഗുകളും ട്രെയിനിംഗുകളും ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും. കൊറോണ ചുമതലകളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും.
ശമ്പള പരിഷ്‌കരണത്തില്‍ ആനുപാതിക വര്‍ദ്ധനവിന് പകരം ലഭിക്കേണ്ട ശമ്പളം പോലും വെട്ടിക്കുറച്ചുവെന്നാണ് പ്രധാന ആരോപണം. എന്‍ട്രി കേഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചു, പേഴ്‌സണല്‍ പേ നിര്‍ത്തലാക്കി, റേഷ്യോ പ്രമോഷന്‍ റദ്ദാക്കി, കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം ഉത്തരവായിട്ടില്ല, റിസ്‌ക് അലവന്‍സ് മുതലായ ശമ്പള പരിഷ്‌കരണത്തിലെ നിരവധി പ്രശ്‌നങ്ങളാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.
