ശബരിമല തീര്‍ത്ഥാടനത്തിന് ആദ്യദിവസങ്ങളില്‍ 25000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനത്തിന് ആദ്യദിവസങ്ങളില്‍ 25000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കാന്‍ തീരുമാനം. പമ്പാ സ്നാനത്തിന് അനുമതി നല്‍കാനും ഇന്നുചേര്‍ന്ന ഉന്നത തല അവലോകനസമിതി യോഗം തീരുമാനിച്ചു. വെര്‍ച്വല്‍ ക്യൂ തുടരാനും ബുക്കിങ് കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയായിരിക്കും ഇത്തവണയും തീര്‍ത്ഥാടകരെ ദര്‍ശനത്തിന് അനുവദിക്കുക. രജിസ്ട്രേഷന്‍ ബുക്കിങ് കൂട്ടാനും അനുവദിക്കും.

വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇല്ലാതെ ഏതെങ്കിലും ഭക്തന്‍ വന്നാലും, സ്പോട്ടില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് ദര്‍ശനത്തിന് സന്നിധാനത്തേക്ക് പോകാന്‍ അനുമതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നെയ്യഭിഷേകം മുന്‍വര്‍ഷത്തെ രീതിയില്‍ നടക്കും.

സന്നിധാനത്ത് വിരിവെക്കാന്‍ ഇത്തവണയും അനുമതിയില്ല. താമസിക്കാന്‍ മുറികള്‍ അനുവദിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് രണ്ടു ഡോസ് വാക്സിന്‍ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെ?ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ പോകാന്‍ അനുവദിക്കൂ. അവിടെ നിന്നും കെഎസ്ആര്‍ടിസിയില്‍ ആണ് പമ്പയിലേക്ക് പോകാന്‍ അനുമതിയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *