ഒരാളുടെ പേരില്‍ ഒന്നിലധികം വോട്ടുകളും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചത് തെരഞ്ഞെടുപ്പ് ജനാധിപത്യപ്രക്രിയയെ അര്‍ത്ഥശൂന്യമാക്കുമെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി വേണുഗോപാല്‍ പ്രസ്താവിച്ചു. വമ്പിച്ച സംവിധാനങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ മുഖ്യപ്രതി. താഴെയറ്റംവരെ എത്തുന്ന തെരഞ്ഞെടുപ്പ് യന്ത്രം കയ്യാളുന്ന സിപിഎമ്മിന് ഇക്കാര്യത്തില്‍ നാളിതുവരെ യാതൊരു പരാതിയും ഇല്ലാതിരുന്നത് ഈ കൃത്രിമങ്ങളുടെ ഗുണഭോക്താക്കള്‍ ആരാണെന്ന് വ്യക്തമാക്കുന്നു. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നത് മുതല്‍ വോട്ടെണ്ണല്‍ വരെ നീളുന്ന കൃത്രിമങ്ങളുടെ ഒരു തുമ്പ് മാത്രമാണ് ഇപ്പോള്‍ വെളിവായിരിക്കുന്നത്. ഒരാളു പോലും കള്ളവോട്ട് ചെയ്യില്ല എന്ന് ഉറപ്പ് വരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തണം. പണത്തിന്റെയും മാധ്യമ പ്രചാരണത്തിന്റെയും കുത്തൊഴുക്കിനൊപ്പം തെരഞ്ഞെടുപ്പ് കൃത്രിമങ്ങളും കൂടിച്ചേര്‍ന്ന് യഥാര്‍ത്ഥ ജനവിധിയെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്ന് ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു
