സ്റ്റോക്ക്ഹോം: .2021ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ടു പേര്‍ക്ക്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസിനും ആര്‍ഡെം പടാപുടെയ്‌നുമാണ് പുരസ്‌കാരം പങ്കിട്ടത്. ശരിരോഷ്മാവിനെ കുറിച്ചും സ്പര്‍ശനത്തെ കുറിച്ചുമുള്ള പഠനത്തിനാണ് പുരസ്‌കാരം. ചൂടും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന സ്വീകരണികളാണ് (റിസെപ്ടറുകള്‍) ഇരുവരുടെയും കണ്ടെത്തല്‍.
നൊബേല്‍ സമിതിയുടെ സെക്രട്ടറി ജനറല്‍ തോമസ് പേള്‍മാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കാലിഫോര്‍ണിയയിലെ ലാ ഹോലയിലെ സ്‌ക്രിപ്പ്‌സ് റിസര്‍ച്ചില്‍ പ്രൊഫസറാണ് ആര്‍ഡെം പടാപുടെയ്ന്‍. യു.എസിലെ പസദേനയിലുള്ള കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് പടാപുടെയ്ന്‍ പി.എച്ച്.ഡി. നേടിയത്. നിലവില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറാണ് ഡേവിഡ് ജൂലിയസ്. ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്നാണ് അദ്ദേഹം പി.എച്ച്.ഡി.നേടിയത്.
