കോൺഗ്രസ് തലപ്പത്ത് യുവമുഖങ്ങൾ വരാതിരിക്കാൻ ഈഴവ പ്രതിനിധ്യം അവകാശപ്പെട്ട് എസ്എൻഡിപി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കിയിരിക്കുന്നത് സിപിഎമ്മിൻ്റെ തന്ത്രമാണോ കോൺഗ്രസിലെ ഉന്നത കേന്ദ്രങ്ങളുടെ സംശയം. കേരളത്തിൽ 10 വർഷത്തിലേറെയായി സിപിഎമ്മിനും പിണറായി വിജയനും ശക്തമായ പിന്തുണയാണ് വെള്ളാപ്പള്ളി നടേശന് നൽകുന്നത്.
കേരളത്തിലെ മൂന്നാം പിണറായി സർക്കാർ അധികാരമേൽക്കും എന്ന് ആദ്യമായി പരസ്യപ്രസ്താവന ഇറക്കിയതും വെള്ളാപ്പള്ളിയാണ്. അതിനൊപ്പം കോൺഗ്രസിനെയും അതിൻ്റെ പ്രധാന നേതാക്കളെയും വെള്ളാപ്പള്ളി നിശിതമായി വിമർശിക്കുകയും ചെയ്തു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഈഴവ പ്രാതിനിധ്യം വേണമെന്ന് വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ തന്നെ ഉദ്ദേശ ശുദ്ധി നേതൃത്വം സംശയിക്കുന്നുണ്ട്.
എംവി സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ എന്നിവർ ഈഴവ നേതാക്കളാണ് കഴിഞ്ഞ 12 വർഷമായി കെപിസിസിയെ നയിക്കുന്നത്. ഇടയ്ക്ക് രണ്ട് വർഷത്തിൽ താഴെയുള്ള ഒരു കാലാവധിയിൽ എംഎം ഹസൻ പ്രസിഡൻ്റിൻ്റെ താത്കാലിക ചുമതല തൊഴിച്ചാൽ 10 വർഷവും പാർട്ടിക്ക് ഈഴവ പ്രസിഡൻറുമാരായിരുന്നു. മുൻ പ്രസിഡൻറും അതിനു തൊട്ടുമുമ്പുള്ള പ്രസിഡൻ്റും ഈഴവർ തന്നെ. അങ്ങനെയുള്ളപ്പോൾ വീണ്ടും ഉന്നയിക്കപ്പെട്ട ഈഴവ വാദത്തിന് പിന്നിൽ ശരിയായ ഉദ്ദേശ്യമല്ലെന്ന സംശയമാണ് നേതാക്കൾക്കുള്ളത്.
എന്നു മാത്രമല്ല, ഈ ഈഴവ പ്രസിഡൻറുമാർ കോൺഗ്രസിനെ നയിച്ച കാലത്ത് മുഴുവൻ യുഡിഎഫിനെ എതിർക്കുകയും സിപിഎമ്മിനെ തുറന്ന് പിന്തുണയ്ക്കുകയും ചെയ്യുമായിരുന്നു വെള്ളാപ്പള്ളി. അങ്ങനെ സിപിഎമ്മിനുവേണ്ടി പരസ്യ നിലപാടെടുക്കുന്ന ഒരാൾ കെപിസിസിയുടെ പ്രസിഡൻറിനെ നിശ്ചയിച്ചാൽ എന്തായിരിക്കും ഉദ്ദേശ്യം എന്ന സംശയം ന്യായമാണ്.
അടുർ പ്രകാശിനെ സംബന്ധിച്ച് തിരിച്ചടി ആകുന്നതും ഈ ഘടകം തന്നെയാണ്. പ്രകാശ് ദിവസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധിയെ കണ്ടപ്പോഴും പറഞ്ഞത് ഈഴവ പ്രതിനിധ്യത്തിൻ്റെ കാര്യവും വെള്ളാപ്പള്ളിയുടെ പിന്തുണയുമാണ്.കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന സമുദായ നേതാക്കൾ വീണ്ടും കോൺഗ്രസ്സിനോട് ആഭിമുഖ്യം കാണിക്കുന്നില്ലെന്ന പരാതി നാളുകളായി; വെള്ളാപ്പള്ളിയുടെ കാര്യത്തിൽ കോൺഗ്രസിനോട് കണക്കുപറഞ്ഞ് എല്ലാം നേടിയിട്ട് സിപിഎമ്മിനെ സഹായിക്കുന്നതാണ് വെള്ളാപ്പള്ളി തന്ത്രം !
